അവിടന്ന് അരുളിച്ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവിടത്തെ ദൃഷ്ടിയിൽ യോഗ്യമായതു പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, അവിടത്തെ കൽപ്പനകൾ ശ്രദ്ധിക്കുകയും സകല ഉത്തരവുകളും പാലിക്കുകയും ചെയ്യുമെങ്കിൽ, ഈജിപ്റ്റുകാരുടെമേൽ ഞാൻ വരുത്തിയ വ്യാധികളിൽ ഒന്നുപോലും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു.”
എന്നാൽ എന്റെ നാമം ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ തന്റെ ചിറകിൽ രോഗശാന്തിയുമായി ഉദിക്കും. നിങ്ങൾ തൊഴുത്തിൽനിന്ന് വരുന്ന കാളക്കിടാക്കളെപ്പോലെ തുള്ളിച്ചാടി പുറപ്പെട്ടുവരും.
ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും അദ്ദേഹം പോയിടത്തെല്ലാം അവർ രോഗികളെ കൊണ്ടുവന്നു, ചന്തമൈതാനങ്ങളിൽ കിടത്തിയിട്ട് അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. അദ്ദേഹത്തെ തൊട്ടവരെല്ലാം സൗഖ്യംപ്രാപിച്ചു.
അദ്ദേഹത്തിന്റെ പിന്നിൽ കാൽക്കൽ കരഞ്ഞുകൊണ്ട് നിന്നു. കണ്ണുനീർക്കണങ്ങൾകൊണ്ട് അവൾ യേശുവിന്റെ പാദങ്ങൾ നനയ്ക്കാൻ തുടങ്ങി. പിന്നീടവൾ ആ പാദങ്ങൾ അവളുടെ തലമുടികൊണ്ടു തുടച്ചശേഷം ചുംബിക്കാൻ തുടങ്ങി. ഒടുവിൽ അവൾ ആ പാദങ്ങളിൽ തൈലം പൂശുകയും ചെയ്തു.
രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
പത്രോസ് കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ നിഴലെങ്കിലും പതിക്കേണ്ടതിന് രോഗികളെ വീഥികളിൽ കൊണ്ടുവന്ന് കിടക്കകളിലും പായകളിലും കിടത്തുന്നിടത്തോളം ജനങ്ങളുടെ വിശ്വാസം വർധിച്ചു.