യഹോവ അവരുടെ പിതാക്കന്മാർക്ക് നൽകിയ ഉത്തരവുകൾ നിരസിക്കുകയും ഉടമ്പടി ലംഘിക്കുകയും അവിടന്ന് അവർക്കു കൊടുത്ത മുന്നറിയിപ്പുകളും അവഗണിക്കുകയും ചെയ്തു. അവർ വിലകെട്ട മിഥ്യാമൂർത്തികളെ അനുഗമിച്ച് സ്വയം വിലകെട്ടവരായിത്തീർന്നു. “ചുറ്റുമുള്ള രാഷ്ട്രങ്ങൾ ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ ചുറ്റുമുള്ള രാഷ്ട്രങ്ങളെ അനുകരിച്ചു; യഹോവ വിലക്കിയിരുന്ന കാര്യങ്ങൾ അവർ ചെയ്തു.