“ആകയാൽ ഇപ്പോൾ എന്റെ മകനേ, ശലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുക! സമ്പൂർണ ഹൃദയസമർപ്പണത്തോടും ദൃഢചിത്തതയോടുംകൂടി അവിടത്തെ സേവിക്കുക! കാരണം യഹോവ ഓരോ ചിന്തയ്ക്കും പിന്നിലുള്ള നിനവുകളെ ഗ്രഹിക്കുന്നു. നീ അവിടത്തെ അന്വേഷിക്കുമെങ്കിൽ അവിടത്തെ കണ്ടെത്തും. എന്നാൽ നീ അവിടത്തെ പരിത്യജിച്ചാൽ അവിടന്നു നിന്നെ എന്നേക്കുമായി തള്ളിക്കളയും.
“എന്റെ അടുത്തുവന്ന് ഇതു കേൾക്കുക: “ആദ്യത്തെ അറിയിപ്പുമുതൽ ഞാൻ സംസാരിച്ചതൊന്നും രഹസ്യത്തിലല്ല; എന്തും സംഭവിക്കുന്നതിനുമുമ്പേതന്നെ ഞാൻ അവിടെ സന്നിഹിതനാണ്.” ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും അവിടത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.
അവന്റെ പീഡാനുഭവത്തിനുശേഷം അവൻ ജീവന്റെ പ്രകാശം കണ്ട് സംതൃപ്തനാകും; തന്റെ പരിജ്ഞാനത്താൽ നീതിമാനായ എന്റെ ദാസൻ പലരെയും നീതീകരിക്കും, അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.
ദരിദ്രരോടു സുവിശേഷം അറിയിക്കാൻ യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടത്തെ ആത്മാവ് എന്റെമേലുണ്ട്. ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു.
എന്നാൽ യഹോവ സത്യദൈവമാകുന്നു; അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ. അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു; ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.
നാം യഹോവയെ അംഗീകരിക്കുക; അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക. സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും. അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.”
പിന്നെ അവരോട്, “ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന ഏതൊരാളും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെ സ്വീകരിക്കുന്നു. നിങ്ങളിൽ എല്ലാവരിലും ഏറ്റവും ചെറിയവനാണ് ഏറ്റവും ശ്രേഷ്ഠൻ.” എന്നു പറഞ്ഞു.
പിതാവ് സ്വന്തമായി വേർതിരിച്ചു ലോകത്തിലേക്ക് അയച്ചവനെപ്പറ്റി എന്താണു പറയേണ്ടത്? ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു നിങ്ങൾ എന്റെമേൽ എന്തിനു ദൈവദൂഷണം ആരോപിക്കുന്നു?
അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നെന്ന് എനിക്കറിയാം. എങ്കിലും അവിടന്നാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ഈ നിൽക്കുന്ന ജനം വിശ്വസിക്കേണ്ടതിന് ഇവർ നിമിത്തം എല്ലാവരും കേൾക്കെ ഞാനിതു പറയുന്നു.”
എന്നാൽ, പിതാവ് എന്റെ നാമത്തിൽ അയയ്ക്കാനിരിക്കുന്ന ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങൾക്ക് ഉപദേശിച്ചുതരികയും ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും.
പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നായിത്തീർന്നിട്ട്, അങ്ങാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ലോകം വിശ്വസിക്കാനിടയാകേണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്.
ഞാൻ അവരിലും അങ്ങ് എന്നിലും ആകുന്നു. അവരെ പൂർണ ഐക്യത്തിലേക്കു നയിക്കണമേ. അപ്പോൾ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നും, എന്നെ സ്നേഹിച്ചതുപോലെ അങ്ങ് അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയും.
അവിടന്ന് എന്നെ ഏൽപ്പിച്ച വചനം ഞാൻ അവർക്കു കൊടുത്തു. അവർ അതു സ്വീകരിക്കുകയും ഞാൻ അങ്ങയുടെ പക്കൽനിന്നു വന്നു എന്നു സത്യമായും ഗ്രഹിക്കുകയും അവിടന്ന് എന്നെ അയച്ചെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
“താങ്കളുടെ പിതാവ് എവിടെ?” അവർ ചോദിച്ചു. യേശു ഉത്തരം പറഞ്ഞു. “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.”
വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ, “ലോകത്തിലുള്ള ഒരു വിഗ്രഹവും ദൈവമല്ല” എന്നും “ഏകദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല” എന്നും നാം അറിയുന്നു.
“ഇരുളിൽനിന്ന് പ്രകാശം ഉദിക്കട്ടെ” എന്നു കൽപ്പിച്ച ദൈവംതന്നെയാണ് യേശുക്രിസ്തുവിന്റെ മുഖത്ത് തിളങ്ങിയ ദൈവതേജസ്സ് ഗ്രഹിക്കാനുള്ള പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നത്.
തന്നെയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെപ്പറ്റിയുള്ള പരമജ്ഞാനം ലഭിച്ചതു നിമിത്തം ഞാൻ മറ്റുള്ള സർവവും മൂല്യരഹിതമെന്നുകാണുന്നു. കർത്താവിനുവേണ്ടി അവയെല്ലാം ചവറെന്നും കണക്കാക്കുന്നു.
കാരണം നിങ്ങൾ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, വിഗ്രഹങ്ങളെ വിട്ട് ജീവനുള്ള സത്യദൈവത്തെ സേവിക്കാൻ ദൈവത്തിലേക്കു നിങ്ങൾ ഏതുവിധം തിരിഞ്ഞു എന്നും അവർതന്നെ വിവരിക്കുന്നു.
അതുകൊണ്ട്, സ്വർഗീയവിളിക്ക് ഓഹരിക്കാരായ വിശുദ്ധസഹോദരങ്ങളേ, നമ്മുടെ അപ്പൊസ്തലനും മഹാപുരോഹിതനുമായി നാം ഏറ്റുപറഞ്ഞിരിക്കുന്ന യേശുവിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.
അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്.
ഈ സദ്ഗുണങ്ങൾ നിങ്ങളിൽ വർധമാനമായിരുന്നാൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനരഹിതരും നിഷ്ഫലരും ആകാതെ ഇവ നിങ്ങളെ സംരക്ഷിക്കും.
ഈ ജീവൻ പ്രത്യക്ഷപ്പെട്ടു; അത് ഞങ്ങൾ ദർശിച്ചു; ഞങ്ങൾ അതിന് സാക്ഷികളാകുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ഇരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോട് ഘോഷിക്കുന്നു.
നിങ്ങൾക്ക് ഞങ്ങളുമായി കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തത് നിങ്ങളെ അറിയിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവിടത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.
ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്; ദൈവത്തെ അറിയുന്നവരെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവർ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നതുമില്ല. സത്യാത്മാവിനെയും വ്യാജാത്മാവിനെയും ഇങ്ങനെയാണ് നാം തിരിച്ചറിയുന്നത്.
ദൈവപുത്രൻ വന്ന് സത്യമായവനെ നാം അറിയേണ്ടതിന് നമുക്കു വിവേകം നൽകിയിരിക്കുന്നു എന്നും, നാം സത്യമായവനിൽ—അവിടത്തെ പുത്രനായ യേശുക്രിസ്തുവിൽത്തന്നെ—ആകുന്നു എന്നും നാം അറിയുന്നു. അവിടന്നു സത്യദൈവവും നിത്യജീവനും ആകുന്നു.