ഞാൻ വന്നപ്പോൾ, ആരും ഇല്ലാതെവരുന്നതിനും ഞാൻ വിളിച്ചപ്പോൾ, ആരും ഉത്തരം നൽകാതിരിക്കാനും എന്താണു കാരണം? വിടുവിക്കാൻ കഴിയാതവണ്ണം എന്റെ കൈകൾ കുറുകിപ്പോയോ? മോചിപ്പിക്കുന്നതിന് എനിക്കു ശക്തിയില്ലാതായോ? കേവലം ഒരു ശാസനയാൽ ഞാൻ സമുദ്രത്തെ വറ്റിക്കുന്നു, നദികളെ ഞാൻ മരുഭൂമിയാക്കി മാറ്റുന്നു; വെള്ളമില്ലായ്കയാൽ അവയിലെ മത്സ്യങ്ങൾ ചീഞ്ഞുനാറുന്നു, അവ ദാഹംകൊണ്ട് ചത്തൊടുങ്ങുകയുംചെയ്യുന്നു.
ഞാൻ നിങ്ങളെ വാളിന് ഇരയാക്കും, നിങ്ങൾ എല്ലാവരും വധിക്കപ്പെട്ടവരായി വീഴും; കാരണം, ഞാൻ വിളിച്ചു, എന്നാൽ നിങ്ങൾ ഉത്തരം നൽകിയില്ല, ഞാൻ സംസാരിച്ചു, എന്നാൽ നിങ്ങൾ ശ്രദ്ധിച്ചില്ല. എന്റെ കണ്ണുകൾക്കുമുമ്പിൽ നിങ്ങൾ തിന്മ പ്രവർത്തിക്കുകയും എനിക്ക് അനിഷ്ടമായതു നിങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തല്ലോ.”
എന്നാൽ യഹോവ എന്നോട് കൽപ്പിച്ചു: “ ‘ഞാൻ ഒരു ബാലനാണ്,’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും നീ സംസാരിക്കുകയും വേണം.
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് യഹോവയുടെ ആലയത്തിൽ നമസ്കരിക്കാൻ വരുന്ന സകല യെഹൂദാനഗരങ്ങളിൽനിന്നുള്ള ജനങ്ങളോടും സംസാരിക്കുക. ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും പ്രസ്താവിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്.