Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 7:20 - സമകാലിക മലയാളവിവർത്തനം

20 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, എന്റെ കോപവും ക്രോധവും ഈ സ്ഥലത്തിന്മേലും ചൊരിയും—മനുഷ്യന്റെമേലും മൃഗത്തിന്റെമേലും വയലിലെ വൃക്ഷങ്ങളുടെമേലും നിലത്തിലെ വിളവിന്മേലും—അത് ജ്വലിച്ചുകൊണ്ടിരിക്കും; കെട്ടുപോകുകയില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

20 അതുകൊണ്ട് ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും ഈ സ്ഥലത്തുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും വയലിലെ വൃക്ഷങ്ങളുടെയും നിലത്തിലെ വിളകളുടെയും മേലും ചൊരിയപ്പെടും; അതു കെടാതെ കത്തിയെരിയും.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

20 അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്തു മനുഷ്യന്റെമേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്‍റെ കോപവും എന്‍റെ ക്രോധവും ഈ സ്ഥലത്ത് മനുഷ്യൻ്റെമേലും മൃഗത്തിന്മേലും വയലിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അത് കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്തു മനുഷ്യന്റെ മേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 7:20
35 Iomraidhean Croise  

കാരണം അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുകയും തങ്ങളുടെ കൈകൾ നിർമിച്ച ബിംബങ്ങളെക്കൊണ്ട് എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ചെയ്തിരിക്കുന്നതിനാൽ ഈ സ്ഥലത്തിനെതിരേ എന്റെ കോപം ജ്വലിക്കും; അതു ശമിക്കുകയുമില്ല.


ഇസ്രായേലിന്റെ പ്രകാശം ഒരു അഗ്നിയായും അവരുടെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും; അതു ജ്വലിച്ച്, ഒറ്റദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.


അതുകൊണ്ട് തന്റെ തീക്ഷ്ണമായ കോപവും യുദ്ധത്തിന്റെ ഭീകരതയും അവിടന്ന് അവരുടെമേൽ ചൊരിഞ്ഞു. അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ തിരിച്ചറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ ഗൗനിച്ചതേയില്ല.


“അവർ പുറപ്പെട്ടുചെന്ന് എനിക്കെതിരേ മത്സരിച്ച മനുഷ്യരുടെ ശവങ്ങൾ നോക്കും; അവരെ തിന്നുന്ന പുഴു ചാകുകയില്ല, അവരെ ദഹിപ്പിക്കുന്ന അഗ്നി കെട്ടുപോകുകയുമില്ല. അവർ സകലമനുഷ്യവർഗത്തിനും അറപ്പായിരിക്കും.”


ആകർഷകമായ ഫലങ്ങൾനിറഞ്ഞ സൗന്ദര്യത്തോടെ തഴച്ചുവളരുന്ന ഒലിവുവൃക്ഷം എന്ന് യഹോവ നിനക്കു പേരു വിളിച്ചിരുന്നു. എന്നാൽ കൊടുംകാറ്റിന്റെ ഗർജനത്തോടെ അവിടന്ന് അതിനു തീവെക്കും അതിന്റെ ശാഖകൾ ഒടിഞ്ഞുപോകും.


നിവാസികളുടെ ദുഷ്ടതനിമിത്തം ഭൂമി എത്രകാലം ഉണങ്ങിവരണ്ടിരിക്കും? നിലത്തിലെ സസ്യമെല്ലാം എത്രകാലം വാടിയിരിക്കും? മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു. “ഞങ്ങൾക്ക് എന്തു സംഭവിക്കും എന്ന് യഹോവ കാണുകയില്ല,” എന്ന് അവർ പറയുന്നു.


അവർ ആരോടു പ്രവചിക്കുന്നോ ആ ജനം ക്ഷാമത്താലും വാളിനാലും ജെറുശലേമിന്റെ തെരുവീഥിയിൽ വീണുകിടക്കും. അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടാൻ ആരും ഉണ്ടാകുകയില്ല. അവർ അർഹിക്കുന്നതുതന്നെ ഞാൻ അവരുടെമേൽ പകരും.


എന്നാൽ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കാനും ജെറുശലേമിന്റെ കവാടങ്ങളിലൂടെ ചുമടു ചുമന്നുകൊണ്ടുപോകാതിരിക്കാനും നിങ്ങൾ എന്റെ വാക്കുകേട്ട് അനുസരിക്കുന്നില്ലെങ്കിൽ ഞാൻ അതിന്റെ കവാടങ്ങളിൽ തീ കൊളുത്തുകയും അതു കെട്ടുപോകാതെ ജെറുശലേമിലെ കൊട്ടാരങ്ങളെ ദഹിപ്പിക്കുകയും ചെയ്യും.’ ”


ഞാൻ നിനക്കുതന്ന അവകാശത്തെ നീ വിട്ടുപോകേണ്ടിവരും. നീ അറിയാത്ത ദേശത്ത് നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടവരുത്തും, കാരണം എന്റെ കോപത്തിൽ നിങ്ങൾ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു, അതു നിത്യം എരിഞ്ഞുകൊണ്ടിരിക്കും.”


എന്നാൽ യഹോവേ, എന്നെ വധിക്കുന്നതിനുള്ള അവരുടെ എല്ലാ പദ്ധതികളും അങ്ങ് അറിയുന്നല്ലോ. അവരുടെ കുറ്റം ക്ഷമിക്കുകയോ അവരുടെ പാപങ്ങൾ അങ്ങയുടെ ദൃഷ്ടിയിൽനിന്ന് മായിച്ചുകളയുകയോ ചെയ്യരുതേ. അങ്ങയുടെമുമ്പാകെ അവരെ തകിടം മറിക്കണമേ, അങ്ങയുടെ കോപകാലത്തുതന്നെ അവരോടു വ്യവഹരിക്കണമേ.


ദാവീദ് ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിങ്ങൾ ചെയ്യുന്ന ദുഷ്ടതനിമിത്തം ആർക്കും കെടുത്താൻ കഴിയാത്തവിധം എന്റെ ക്രോധം തീപോലെ പൊട്ടിപ്പുറപ്പെടാതിരിക്കേണ്ടതിന്, പ്രഭാതംതോറും ന്യായം പരിപാലിക്കുകയും കവർച്ചയ്ക്കിരയായവരെ പീഡകരുടെ കൈയിൽനിന്നും വിടുവിക്കുകയുംചെയ്യുക.


ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ജെറുശലേംനിവാസികളുടെമേൽ എന്റെ കോപവും ക്രോധവും ഞാൻ ചൊരിഞ്ഞതുപോലെ, നിങ്ങൾ ഈജിപ്റ്റിലേക്കു പോകുമ്പോൾ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിയും. നിങ്ങൾ ഒരു ശാപമായി, ഒരു ഭീതിവിഷയമായിത്തീരും; ഒരു ശാപവും നിന്ദാപാത്രവുമായിത്തീരും; ഈ ദേശം നിങ്ങൾ ഇനിയൊരിക്കലും കാണുകയുമില്ല.’


അതുനിമിത്തം എന്റെ കോപവും ക്രോധവും യെഹൂദ്യയിലെ പട്ടണങ്ങളുടെമേലും ജെറുശലേം വീഥികളിലും ചൊരിഞ്ഞു. അങ്ങനെ ഇന്ന് ആയിരിക്കുന്ന നിലയിൽ അവ നാശത്തിനും ശൂന്യതയ്ക്കും ഇരയായിത്തീർന്നു.


അതിനാൽ ഞാൻ യഹോവയുടെ ക്രോധത്താൽ നിറഞ്ഞിരിക്കുന്നു, അത് അടക്കിവെക്കാൻ ഇനിയും എനിക്കു കഴിയില്ല. “ആ ക്രോധം തെരുവിലുള്ള കുട്ടികളുടെമേലും ഒരുമിച്ചു കൂടിയിരിക്കുന്ന യുവാക്കളുടെമേലും ചൊരിയും; ഭർത്താവിനോടൊപ്പം ഭാര്യയും പ്രായാധിക്യത്താൽ വലയുന്ന വൃദ്ധരും അതിൽനിന്നു രക്ഷപ്പെടില്ല.


അവരുടെ ഭവനങ്ങളെല്ലാംതന്നെ ഒപ്പം വയലുകളും ഭാര്യമാരും എല്ലാം അന്യരുടെ വകയായിത്തീരും, ദേശവാസികൾക്കെതിരേ ഞാൻ കൈനീട്ടുമ്പോൾത്തന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.


“ ‘ഞാൻ അവരുടെ കൊയ്ത്തുകാലം എടുത്തുകളയും, എന്ന് യഹോവയുടെ അരുളപ്പാട്. മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകുകയില്ല. അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകുകയില്ല, അതിന്റെ ഇലയും വാടിപ്പോകും. ഞാൻ അവർക്കു നൽകിയിട്ടുള്ളതെല്ലാം വേഗംതന്നെ നഷ്ടപ്പെട്ടുപോകും.’ ”


യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു; തന്റെ ഉഗ്രകോപം അവിടന്ന് വർഷിച്ചു. അവിടന്ന് സീയോനിൽ തീ കത്തിച്ചു. അത് അവളുടെ അടിസ്ഥാനങ്ങൾ ദഹിപ്പിച്ചുകളഞ്ഞു.


വെള്ളി ഉലയിൽ ഉരുകിപ്പോകുന്നതുപോലെ നിങ്ങൾ അതിന്റെമധ്യേ ഉരുകിപ്പോകും. യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു എന്നു നിങ്ങൾ അറിയും.’ ”


സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം എത്തിച്ചേർന്നു! വാങ്ങുന്നവർ സന്തോഷിക്കുകയോ വിൽക്കുന്നവർ വിലപിക്കയോ ചെയ്യാതിരിക്കട്ടെ; കാരണം, എന്റെ ക്രോധം ആ മുഴുവൻ ജനസമൂഹത്തിന്മേലും വന്നിരിക്കുന്നു.


“ ‘അവർ കാഹളമൂതി സകലതും സജ്ജമാക്കിയിരിക്കുന്നു; എന്നാൽ ആരുംതന്നെ യുദ്ധത്തിനു പുറപ്പെടുന്നില്ല, കാരണം എന്റെ ക്രോധം ആ സമൂഹം മുഴുവന്റെയുംമേൽ ഇരിക്കുന്നു.


ഇസ്രായേൽ മുഴുവനും അവിടത്തെ അനുസരിക്കാതെ, അവിടത്തെ ന്യായപ്രമാണം ലംഘിച്ച് വഴിവിട്ടു നടന്നിരിക്കുന്നു. “ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശയുടെ ന്യായപ്രമാണത്തിൽ ആണയിലൂടെ ശപഥംചെയ്തു രേഖപ്പെടുത്തിയിട്ടുള്ള ന്യായവിധി ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു.


ഞാനും എന്റെ കോപത്തിൽ നിങ്ങൾക്കു വിരോധമായിരിക്കും. നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.


അവിടത്തെ ക്രോധത്തിനുമുമ്പിൽ ആർക്കു നിൽക്കാൻ കഴിയും? അവിടത്തെ ഉഗ്രകോപം ആർക്കു താങ്ങാൻ കഴിയും? അവിടത്തെ ക്രോധം അഗ്നിപോലെ ചൊരിയുന്നു; പാറകൾ അവിടത്തെ മുമ്പിൽ തകർന്നുപോകുന്നു.


“ഞാൻ ഭൂമുഖത്തുനിന്ന് സകലത്തെയും നശിപ്പിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.


“ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും. ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും— ദുഷ്ടരുടെ കാലിടറിക്കുന്ന വിഗ്രഹങ്ങളെയും തൂത്തെറിയും.” “ഞാൻ ഭൂമുഖത്തുനിന്ന് സകലമനുഷ്യരെയും ഉന്മൂലനംചെയ്യുമ്പോൾ, ഞാൻ, യെഹൂദയ്ക്കുനേരേയും


അവർ തങ്ങളുടെ ഹൃദയത്തെ വജ്രംപോലെ കഠിനമാക്കി, ന്യായപ്രമാണം ശ്രദ്ധിച്ചില്ല. പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം സൈന്യങ്ങളുടെ യഹോവയുടെ ആത്മാവ് അയച്ച വചനവും അവർ ചെവിക്കൊണ്ടില്ല. അതിനാൽ സൈന്യങ്ങളുടെ യഹോവ കോപിച്ചു.


“സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ ആ ദിവസം വരുന്നു; അത് ചൂളപോലെ കത്തും. അന്ന് അഹങ്കാരികളും എല്ലാ ദുഷ്ടരും വൈക്കോൽക്കുറ്റിപോലെയാകും. വരാനുള്ള ആ ദിവസം, വേരോ ശാഖകളോ ശേഷിപ്പിച്ചുകളയാതെ അവരെയെല്ലാം ദഹിപ്പിച്ചുകളയും.


വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച്, ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”


ദൈവകോപത്തിന്റെ ചഷകത്തിൽ പൂർണവീര്യത്തോടെ പകർന്നുവെച്ചിരിക്കുന്ന ദൈവക്രോധമെന്ന മദ്യം അയാൾ കുടിക്കേണ്ടിവരും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും അവർ ദണ്ഡനം അനുഭവിക്കും.


Lean sinn:

Sanasan


Sanasan