“നീ പുറത്തുവന്നു പർവതത്തിൽ എന്റെ സന്നിധിയിൽ നിൽക്കുക” എന്ന് യഹോവ ഏലിയാവിനോടു കൽപ്പിച്ചു. അപ്പോൾ, ഇതാ, യഹോവ കടന്നുപോകുന്നു; ഒരു വലിയ കൊടുങ്കാറ്റു പർവതങ്ങളെ പിളർന്നു പാറകളെ ചിതറിച്ചുകളഞ്ഞു. എന്നാൽ, കൊടുങ്കാറ്റിൽ യഹോവ ഉണ്ടായിരുന്നില്ല. അതിനുശേഷം ഒരു ഭൂകമ്പമുണ്ടായി. പക്ഷേ, ഭൂകമ്പത്തിലും യഹോവ ഉണ്ടായിരുന്നില്ല.
ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു, അത് കാറ്റിൽ ഒരു കുടിൽപോലെ ഇളകിയാടുന്നു; അതിന്റെ അതിക്രമം അതിന്മേൽ അതിഭാരമായിരിക്കുന്നു, അതു വീണുപോകും—ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല.
അതിനാൽ യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചിരിക്കുന്നു; അവിടന്ന് അവർക്കെതിരേ കൈ ഉയർത്തി അവരെ സംഹരിച്ചിരിക്കുന്നു. പർവതങ്ങൾ വിറയ്ക്കുന്നു, അവരുടെ ശവശരീരങ്ങൾ തെരുവീഥിയിൽ ചവറുപോലെ നിരന്നുകിടക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
എന്നാൽ യഹോവ സത്യദൈവമാകുന്നു; അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ. അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു; ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.
പർവതങ്ങൾക്കുവേണ്ടി ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും മരുഭൂമിയിലെ പുൽമേടുകളെക്കുറിച്ച് ഞാൻ വിലാപഗീതം ആലപിക്കുകയും ചെയ്യും. ആരും അതിലൂടെ യാത്രചെയ്യുന്നുമില്ല, കന്നുകാലികളുടെ അമറൽ അവിടെ കേൾക്കാനുമില്ല. ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരിക്കുന്നു മൃഗങ്ങളെല്ലാം അവിടംവിട്ടു പോയുമിരിക്കുന്നു.
സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പക്ഷികളും വയലിലെ മൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ജീവികളും ഭൂമുഖത്തുള്ള സകലജനവും എന്റെ സന്നിധിയിൽ വിറയ്ക്കും. മലകൾ മറിഞ്ഞുപോകും കടുന്തൂക്കായ സ്ഥലങ്ങൾ ഇടിഞ്ഞുപോകും എല്ലാ മതിലും നിലംപരിചാകും.
യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി. അവിടന്നു നോക്കി രാജ്യങ്ങളെ വിറപ്പിച്ചു. പുരാതനപർവതങ്ങൾ തകർന്നുവീണു പഴയ കുന്നുകൾ നിലംപൊത്തി— എന്നാൽ അവിടത്തെ വഴികൾ ശാശ്വതമായവ.