“അതിനാൽ ഇപ്പോൾ നീ പോയി യെഹൂദാജനങ്ങളോടും ജെറുശലേംനിവാസികളോടും ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ! ഞാൻ നിങ്ങൾക്കെതിരേ, ഒരു അനർഥം നിരൂപിച്ച് ഒരു പദ്ധതി ആസൂത്രണംചെയ്യുന്നു. അതിനാൽ നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ ദുഷ്ടത വിട്ട് പിന്തിരിയുക, നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക.’
യെഹൂദാരാജാവായ ആമോന്റെ മകൻ യോശിയാവിന്റെ പതിമ്മൂന്നാംവർഷംമുതൽ ഇന്നുവരെയുള്ള ഈ ഇരുപത്തിമൂന്നു വർഷക്കാലവും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടാകുകയും ഞാൻ അതു വീണ്ടും വീണ്ടും നിങ്ങളോടു സംസാരിക്കുകയും ചെയ്തു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചതേയില്ല.
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് യഹോവയുടെ ആലയത്തിൽ നമസ്കരിക്കാൻ വരുന്ന സകല യെഹൂദാനഗരങ്ങളിൽനിന്നുള്ള ജനങ്ങളോടും സംസാരിക്കുക. ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും പ്രസ്താവിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്.
“ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പോയി യെഹൂദാജനത്തോടും ജെറുശലേംനിവാസികളോടും ഇപ്രകാരം പറയുക, ‘നിങ്ങൾ ഒരു പാഠം പഠിച്ച് എന്റെ വാക്കുകൾ അനുസരിക്കുകയില്ലേ?’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.