4 അവർ പൗരാണിക ശൂന്യശിഷ്ടങ്ങളെ പുതുക്കിപ്പണിയും, പണ്ടു തകർക്കപ്പെട്ടതെല്ലാം കെട്ടിയുയർത്തും; ശൂന്യനഗരങ്ങളെ അവർ പുനരുദ്ധരിക്കും, തലമുറകളായി ശൂന്യമായിക്കിടക്കുന്നവയെത്തന്നെ.
ഞങ്ങൾ അടിമകളാണ്, എങ്കിലും ഞങ്ങളുടെ ദൈവം ഞങ്ങളെ കൈവിട്ടിട്ടില്ല, അവിടന്ന് പാർസിരാജാക്കന്മാരുടെമുമ്പാകെ ഞങ്ങൾക്ക് തന്റെ മഹാദയ കാണിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയാനും അതിന്റെ കേടുകൾ തീർക്കുന്നതിനും ഞങ്ങൾക്ക് ഒരു ഉണർവു തന്നിരിക്കുന്നു. മാത്രമല്ല, യെഹൂദ്യയിലും ജെറുശലേമിലും ഞങ്ങൾക്ക് ഒരു സങ്കേതവും ലഭിച്ചിരിക്കുന്നു.
ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ, ആനന്ദത്താൽ ഒരുമിച്ച് പൊട്ടിയാർക്കുക. കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, അവിടന്ന് ജെറുശലേമിനെ വീണ്ടെടുത്തിരിക്കുന്നു.
നിന്റെ വംശജർ ശൂന്യമാക്കപ്പെട്ട പുരാതനനഗരങ്ങൾ പുനർനിർമിക്കും, ചിരപുരാതനമായ അടിസ്ഥാനങ്ങൾ നീ പണിതുയർത്തും; നിനക്ക്, തകർന്ന മതിലുകൾ നന്നാക്കുന്നവനെന്നും പാർക്കാനുള്ള തെരുവുകൾ പുനരുദ്ധരിക്കുന്നവനെന്നും പേരുണ്ടാകും.
“വീണ്ടും വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ നഗരങ്ങൾ സമൃദ്ധിയാൽ നിറഞ്ഞുകവിയും; യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കുകയും ജെറുശലേമിനെ തെരഞ്ഞെടുക്കുകയും ചെയ്യും.’ ”