“നിങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുക; എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ നിങ്ങൾക്കു നൽകിയതും അനുസരിക്കുന്നതിനായി നിങ്ങളുടെ പിതാക്കന്മാരോടു കൽപ്പിച്ചതുമായ എന്റെ സകലനിയമങ്ങളും അനുസരിച്ച് എന്റെ കൽപ്പനകളും വിധികളും പ്രമാണിക്കുക!” എന്ന് യഹോവ തന്റെ സകലപ്രവാചകന്മാരും ദർശകന്മാരും മുഖേന ഇസ്രായേലിനും യെഹൂദയ്ക്കും മുന്നറിയിപ്പു നൽകി.
യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക! അശുദ്ധമായതൊന്നും സ്പർശിക്കരുത്! യഹോവയുടെ മന്ദിരത്തിലെ പാത്രങ്ങൾ ചുമക്കുന്നവരേ, അതിന്റെ നടുവിൽനിന്ന് പുറപ്പെടുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക.
“അതിനാൽ ഇപ്പോൾ നീ പോയി യെഹൂദാജനങ്ങളോടും ജെറുശലേംനിവാസികളോടും ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ! ഞാൻ നിങ്ങൾക്കെതിരേ, ഒരു അനർഥം നിരൂപിച്ച് ഒരു പദ്ധതി ആസൂത്രണംചെയ്യുന്നു. അതിനാൽ നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ ദുഷ്ടത വിട്ട് പിന്തിരിയുക, നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക.’
“നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ ദുഷിച്ചവഴികളിൽനിന്നും ദുരാചാരങ്ങളിൽനിന്നും തിരിയുക. അപ്പോൾ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും എന്നെന്നേക്കുമായി നൽകിയിട്ടുള്ള ദേശത്തു നിങ്ങൾക്കു വസിക്കാൻ കഴിയും.
ഒരുപക്ഷേ അതുകേട്ട് അവർ ഓരോരുത്തരും തങ്ങളുടെ ദുർമാർഗം വിട്ടുതിരിഞ്ഞേക്കാം. അവരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്താൻ ഉദ്ദേശിക്കുന്ന അനർഥത്തെക്കുറിച്ച് ഞാൻ അപ്പോൾ അനുതപിക്കും.
“നിങ്ങൾ ഓരോരുത്തനും നിങ്ങളുടെ ദുർമാർഗം വിട്ടുതിരിഞ്ഞ്, നിങ്ങളുടെ പ്രവൃത്തികൾ പുനരുദ്ധരിക്കുക; അന്യദേവതകളെ സേവിക്കുന്നതിന് അവയുടെ പിന്നാലെ പോകരുത്; അങ്ങനെയെങ്കിൽ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയ ദേശത്തു നിങ്ങൾ പാർക്കും,” എന്നിങ്ങനെ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കലേക്കയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവിതരികയോ എന്റെ വാക്ക് അനുസരിക്കുകയോ ചെയ്തിട്ടില്ല.
ദോഷത്തെ വെറുക്കുക, നന്മയെ സ്നേഹിക്കുക; ന്യായസ്ഥാനങ്ങളിൽ നീതി പുലർത്തുക. ഒരുപക്ഷേ, സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിന്റെ ശേഷിപ്പിന്മേൽ കരുണ കാണിച്ചേക്കും.
മനുഷ്യരും മൃഗങ്ങളും ചാക്കുശീല പുതയ്ക്കട്ടെ. എല്ലാവരും ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു പ്രാർഥിക്കട്ടെ. എല്ലാവരും അവരവരുടെ ദുഷിച്ച ജീവിതശൈലിയും അക്രമാസക്തിയും ഉപേക്ഷിക്കട്ടെ.
ജെറുശലേമിലും ചുറ്റുപാടുമുള്ള നഗരങ്ങളിലും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേദേശത്തും പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നപ്പോഴും പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തിരുന്ന യഹോവയുടെ വചനം കേട്ട് നിങ്ങൾ അനുസരിക്കേണ്ടിയിരുന്നില്ലേ?’ ”
അതിനു ഞാൻ, “എന്റെ യജമാനനേ, അങ്ങേക്ക് അറിയാമല്ലോ” എന്നു മറുപടി പറഞ്ഞു. അദ്ദേഹം എന്നോടു പറഞ്ഞത്: “ഇവർ മഹാപീഡനത്തിൽനിന്നു വന്നവർ; ഇവർ തങ്ങളുടെ വസ്ത്രങ്ങൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ചിരിക്കുന്നു.