അങ്ങനെ, ബാലിന്റെ പ്രവാചകർ തങ്ങൾക്കു ലഭിച്ച കാളയെ ഒരുക്കി. “ബാലേ, ഞങ്ങൾക്ക് ഉത്തരമരുളണമേ!” എന്ന് അവർ പ്രഭാതംമുതൽ മധ്യാഹ്നംവരെ ബാലിന്റെ നാമം വിളിച്ചു പ്രാർഥിച്ചു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരുടെയും ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. അവർ, തങ്ങൾ നിർമിച്ച ബലിപീഠത്തിനുചുറ്റും തുള്ളിച്ചാടിക്കൊണ്ടിരുന്നു.