അവിടുന്നു നല്‌കിയിരുന്ന അനുശാസനങ്ങൾ അവർ നിരാകരിച്ചു. അവരുടെ പിതാക്കന്മാരോടു ചെയ്തിരുന്ന ഉടമ്പടി അവർ പാലിച്ചില്ല. അവിടുത്തെ മുന്നറിയിപ്പുകളെല്ലാം അവർ അവഗണിച്ചു. വ്യർഥവിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ഫലമായി അവരും വ്യർഥന്മാരായി. അവരുടെ ചുറ്റുമുള്ള ജനതകളെ അനുകരിക്കരുതെന്നു സർവേശ്വരൻ കല്പിച്ചിരുന്നെങ്കിലും അവർ അവരെപ്പോലെ വർത്തിച്ചു.
സോവാനിലെ രാജാക്കന്മാർ വെറും ഭോഷന്മാർ! ഫറവോയുടെ ജ്ഞാനികളായ മന്ത്രിമാർ മൂഢമായ ഉപദേശങ്ങൾ നല്‌കുന്നു. “ഞങ്ങൾ ജ്ഞാനികളുടെയും പുരാതനരാജാക്കന്മാരുടെയും പിൻഗാമികൾ എന്ന് അവർക്ക് എങ്ങനെ ഫറവോയോടു പറയാൻ കഴിയും? ഇപ്പോൾ നിന്റെ ജ്ഞാനികൾ എവിടെ?
അതുകൊണ്ട് ഞാനിതാ ഈ ജനത്തിന്റെ മധ്യേ ഒരു അദ്ഭുതം പ്രവർത്തിക്കും. അദ്ഭുതകരവും വിസ്മയനീയവുമായ പ്രവൃത്തി; ജ്ഞാനികളുടെ ജ്ഞാനം നശിക്കും, വിവേകികളുടെ വിവേചനാശക്തി നഷ്ടപ്പെടും.
അതിനു നീ ഇപ്രകാരം മറുപടി പറയുക: “സർവേശ്വരന്റെ പ്രബോധനം ശ്രദ്ധിക്കുക! ആഭിചാരകർക്ക് ചെവി കൊടുക്കരുത്. അവരുടെ വാക്കുകൾ നിനക്ക് ഒരു നന്മയും കൈവരുത്തുകയില്ല.”
സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; നീ പിന്തിരിഞ്ഞല്ലോ; അതുകൊണ്ടു ഞാൻ നിനക്കെതിരെ കൈ നീട്ടി നിന്നെ നശിപ്പിച്ചു; കരുണ കാണിച്ചു ഞാൻ മടുത്തിരിക്കുന്നു.”
യെഹൂദ്യയുടെയും യെരൂശലേമിന്റെയും ആലോചനകൾ ഈ സ്ഥലത്തുവച്ചു ഞാൻ നിഷ്ഫലമാക്കും; അവിടെ വസിക്കുന്നവർ ശത്രുക്കളുടെ വാളുകൊണ്ടും അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കരങ്ങൾകൊണ്ടും മരിച്ചു വീഴും; അവരുടെ മൃതശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും വന്യമൃഗങ്ങൾക്കും ഞാൻ ആഹാരമായി നല്‌കും.
‘സർവേശ്വരൻ എവിടെ’ എന്നു പുരോഹിതന്മാർ ചോദിച്ചില്ല; വേദപണ്ഡിതർ എന്നെ അറിഞ്ഞില്ല; ഭരണാധികാരികൾ എന്നോട് അതിക്രമം കാട്ടി; പ്രവാചകർ ബാൽദേവന്റെ നാമത്തിൽ പ്രവചിച്ചു; അവർ പ്രയോജനരഹിതരായ ദേവന്മാരുടെ പിന്നാലെ പോയി.”
ഹീനകൃത്യങ്ങൾ പ്രവർത്തിച്ചപ്പോൾ അവർക്കു ലജ്ജ തോന്നിയോ? ഇല്ല, അല്പം പോലും ലജ്ജ തോന്നിയില്ല; അവർക്കു ലജ്ജിക്കാൻ അറിഞ്ഞുകൂടാ; അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവർ വീണുപോകും; ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർ നശിച്ചുപോകുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദാനിവാസികളുടെ നിരന്തരപാപം നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവർ സർവേശ്വരന്റെ ധർമശാസ്ത്രം തിരസ്കരിച്ച്, അവരുടെ പൂർവികരുടെ വ്യാജദേവന്മാരെ അനുസരിച്ചല്ലോ.
നിങ്ങൾ വിശ്വസ്തതയോടെ അവ പാലിച്ചു ജീവിക്കുമ്പോൾ മറ്റു ജനതകളുടെ ദൃഷ്‍ടിയിൽ നിങ്ങൾ ജ്ഞാനവും വിവേകവും തികഞ്ഞ ജനതയായിരിക്കും. നിങ്ങൾ പാലിക്കുന്ന കല്പനകളെക്കുറിച്ച് കേൾക്കുമ്പോൾ ‘ഈ ശ്രേഷ്ഠജനം ജ്ഞാനവും വിവേകവും ഉള്ളവർതന്നെ’ എന്ന് അവർ പറയും.