“എന്റെ മകനേ ശലോമോനേ, നീ നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടി അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് സർവഹൃദയങ്ങളും പരിശോധിച്ച് വിചാരങ്ങളും ആലോചനകളുമെല്ലാം ഗ്രഹിക്കുന്നു; നീ സർവേശ്വരനെ അന്വേഷിച്ചാൽ കണ്ടെത്തും; ഉപേക്ഷിച്ചാൽ അവിടുന്നു നിന്നെ എന്നേക്കും തള്ളിക്കളയും.
അയാൾ ആസയെ സമീപിച്ചു പറഞ്ഞു: “ആസ രാജാവേ, യെഹൂദ്യരേ, ബെന്യാമീന്യരേ, കേൾക്കുക; നിങ്ങൾ സർവേശ്വരന്റെ കൂടെ ആയിരിക്കുന്നിടത്തോളം അവിടുന്നു നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങൾ അന്വേഷിച്ചാൽ അവിടുത്തെ കണ്ടെത്തും. നിങ്ങൾ ഉപേക്ഷിച്ചാൽ അവിടുന്നു നിങ്ങളെയും ഉപേക്ഷിക്കും.
ഹാ! പാപികളായ ജനത! അകൃത്യഭാരംകൊണ്ട് അമർന്ന ജനം! ദുഷ്കർമികളുടെ സന്തതികൾ! ദുർവൃത്തരായ മക്കൾ! അവർ സർവേശ്വരനെ പരിത്യജിച്ചിരിക്കുന്നു; ഇസ്രായേലിന്റെ പരിശുദ്ധനെ വെറുത്തിരിക്കുന്നു. അവർ തീർത്തും അകന്നു പോയിരിക്കുന്നു.
ഞങ്ങൾ തിന്മ പ്രവർത്തിച്ച് സർവേശ്വരനെ നിഷേധിക്കുന്നു. നമ്മുടെ ദൈവത്തെ പിന്തുടരുന്നതിൽനിന്നു വ്യതിചലിക്കുന്നു. മർദനവും എതിർപ്പും പ്രസംഗിക്കുന്നു. ഹൃദയത്തിൽ രൂപംകൊള്ളുന്ന വ്യാജവചനങ്ങൾ ഉച്ചരിക്കുന്നു.
“എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നീ സ്വയം ചോദിച്ചേക്കാം; നിന്റെ തിന്മകളുടെ ആധിക്യം നിമിത്തമാണ് അവർ നിന്റെ വസ്ത്രമുരിഞ്ഞു നിന്നെ അപമാനിച്ചത്.
കാരണം, ജനം എന്നെ ഉപേക്ഷിച്ചു; അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു ധൂപമർപ്പിച്ച് ഈ സ്ഥലം അവർ അശുദ്ധമാക്കി; നിഷ്കളങ്കരുടെ രക്തംകൊണ്ട് അവർ ദേശം നിറച്ചു.
നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്റെ അവിശ്വസ്തത നിന്നെ കുറ്റം വിധിക്കും; നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിക്കുന്നതും അവിടുത്തെ ഭയപ്പെടാതിരിക്കുന്നതും തിന്മയും കയ്പും നിറഞ്ഞതാണെന്നു നീ അനുഭവിച്ചറിയും” എന്നു സർവശക്തിയുള്ള കർത്താവ് അരുളിച്ചെയ്യുന്നു.
നീ സ്വീകരിച്ച വഴികളും നിന്റെ പ്രവൃത്തികളുമാണ് ഇതെല്ലാം നിനക്കു വരുത്തിവച്ചത്. ഇതു നിനക്കുള്ള ശിക്ഷയാണ്; ഇതു കയ്പേറിയതുതന്നെ; അതു നിന്റെ ഹൃദയത്തിൽ തുളച്ചുകയറിയിരിക്കുന്നു.
കാരണം, അവിടത്തെ നിവാസികൾ, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്മാർക്കു ധൂപാർച്ചന നടത്തുകയും അവയെ സേവിക്കുകയും ചെയ്തു; അങ്ങനെ അവർ ചെയ്ത തിന്മപ്രവൃത്തികൾ നിമിത്തം അവർ എന്നെ പ്രകോപിപ്പിച്ചു. ‘ഞാൻ വെറുക്കുന്ന മ്ലേച്ഛതകൾ ചെയ്യരുത്’ എന്ന സന്ദേശവുമായി എന്റെ ദാസന്മാരായ പ്രവാചകരെ ഞാൻ തുടരെ നിങ്ങളുടെ അടുക്കൽ അയച്ചു.