സെഫന്യാവ് 2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 നാണമില്ലാത്ത ജാതിയേ, നിർണ്ണയം ഫലിക്കുന്നതിന്നു മുമ്പെ - ദിവസം പതിർപോലെ പാറിപ്പോകുന്നു - യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന്നു മുമ്പെ, 2 യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ! 3 യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകലസൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം. 4 ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായ്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിർമ്മൂലനാശം വരും. 5 സമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികൾ ഇല്ലാതാകുംവണ്ണം ഞാൻ നിന്നെ നശിപ്പിക്കും. 6 സമുദ്രതീരം ഇടയന്മാർക്കു കുടിലുകളും ആട്ടിൻകൂട്ടങ്ങൾക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായ്തീരും. 7 തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും; അവർ അവിടെ മേയ്ക്കും; അസ്കലോൻവീടുകളിൽ അവർ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ചു അവരുടെ സ്ഥിതി മാറ്റുമല്ലോ. 8 മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു. 9 അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതു: എന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയ്തീരും; എന്റെ ജനത്തിൽ ശേഷിപ്പുള്ളവർ അവരെ കവർച്ച ചെയ്യും; എന്റെ ജാതിയിൽ ശേഷിച്ചിരിക്കുന്നവർ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും. 10 ഇതു അവരുടെ അഹങ്കാരംനിമിത്തം അവർക്കു ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ. 11 യഹോവ അവരോടു ഭയങ്കരനായിരിക്കും; അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകലദ്വീപുകളും അതതു സ്ഥലത്തുനിന്നു അവനെ നമസ്കരിക്കും; 12 നിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാർ! 13 അവൻ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും. 14 അതിന്റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു. 15 ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നേ; അതു ശൂന്യവും മൃഗങ്ങൾക്കു കിടപ്പിടവുമായ്തീർന്നതെങ്ങനെ; അതിന്നരികെ കൂടിപോകുന്ന ഏവനും ചൂളകുത്തി കൈ കുലുക്കും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.