ഉത്തമഗീതം 8 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു. 2 നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു. 3 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. 4 യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു. 5 മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവെച്ചു ഞാൻ നിന്നെ ഉണർത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവൾക്കു ഈറ്റുനോവു കിട്ടിയതു. 6 എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ. 7 ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും. 8 നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു; അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്നനാളിൽ നാം അവൾക്കു വേണ്ടി എന്തു ചെയ്യും? 9 അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു. 10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്നു ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു. 11 ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഓരോരുത്തൻ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു. 12 എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവർക്കു ഇരുനൂറും ഇരിക്കട്ടെ. 13 ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു; അതു എന്നെയും കേൾപ്പിക്കേണമേ. 14 എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.