ഉത്തമഗീതം 2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്‌വരകളിലെ താമരപ്പൂവും ആകുന്നു. 2 മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു. 3 കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു. 4 അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. 5 ഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ. 6 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. 7 യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു. 8 അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു. 9 എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു. 10 എന്റെ പ്രിയൻ എന്നോടു പറഞ്ഞതു: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക. 11 ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. 12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. 13 അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക. 14 പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു. 15 ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ. 16 എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു. 17 വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.