Biblia Todo Logo
Bìoball air-loidhne

- Sanasan -

രൂത്ത് 4 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 എന്നാൽ ബോവസ് പട്ടണവാതില്ക്കൽ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു.

2 പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു.

3 അപ്പോൾ അവൻ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞതു: മോവാബ് ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോടു അതു അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;

4 നിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്ക; വീണ്ടെടുപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ അറിയേണ്ടതിന്നു എന്നോടു പറക; നീയും നീ കഴിഞ്ഞിട്ടു ഞാനും അല്ലാതെ വീണ്ടെടുപ്പാൻ ആരും ഇല്ല.

5 അതിന്നു അവൻ: ഞാൻ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുന്ന നാളിൽ മരിച്ചവന്റെ അവകാശത്തിന്മേൽ അവന്റെ പേർ നിലനിർത്തുവാൻ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.

6 അതിന്നു വീണ്ടെടുപ്പുകാരൻ: എനിക്കു അതു വീണ്ടെടുപ്പാൻ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊൾക; എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല എന്നു പറഞ്ഞു.

7 എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ ഒരുത്തൻ തന്റെ ചെരിപ്പൂരി മറ്റേവന്നു കൊടുക്കുന്നതു യിസ്രായേലിൽ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലിൽ ഉറപ്പാക്കുന്നവിധം.

8 അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോടു: നീ അതു വാങ്ങിക്കൊൾക എന്നു പറഞ്ഞു തന്റെ ചെരിപ്പൂരിക്കൊടുത്തു.

9 അപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞതു: എലീമേലെക്കിന്നുള്ളതൊക്കെയും കില്യോന്നും മഹ്ലോന്നും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന്നു നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.

10 അത്രയുമല്ല മരിച്ചവന്റെ പേർ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ പട്ടണവാതില്ക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന്നു മഹ്ലോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.

11 അതിന്നു പട്ടണവാതില്ക്കൽ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞതു: ഞങ്ങൾ സാക്ഷികൾ തന്നേ; നിന്റെ വീട്ടിൽ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവർ ഇരുവരുമല്ലോ യിസ്രായേൽഗൃഹം പണിതതു; എഫ്രാത്തയിൽ നീ പ്രബലനും ബേത്ത്ലേഹെമിൽ വിശ്രുതനുമായിരിക്ക.

12 ഈ യുവതിയിൽനിന്നു യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹം പോലെ ആയ്തീരട്ടെ.

13 ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഭാര്യയായി; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു.

14 എന്നാറെ സ്ത്രീകൾ നൊവൊമിയോടു: ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ.

15 അവൻ നിനക്കു ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.

16 നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവന്നു ധാത്രിയായ്തീർന്നു.

17 അവളുടെ അയല്ക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.

18 ഫേരെസിന്റെ വംശപാരമ്പര്യമാവിതു: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു.

19 രാം അമ്മീനാദാബിനെ ജനിപ്പിച്ചു.

20 അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു.

21 സല്മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു.

22 ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan