രൂത്ത് 3 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതു: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ? 2 നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു. 3 ആകയാൽ നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; ആയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു. 4 ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്നു അവൻ നിനക്കു പറഞ്ഞുതരും. 5 അതിന്നു അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു. 6 അങ്ങനെ അവൾ കളത്തിൽ ചെന്നു അമ്മാവിയമ്മ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു. 7 ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു. 8 അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു. 9 ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു. 10 അതിന്നു അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. 11 ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കു എല്ലാവർക്കും അറിയാം. 12 ഞാൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ഒരു വീണ്ടെടുപ്പുകാരൻ ഉണ്ടു. 13 ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചാൽ കൊള്ളാം; അവൻ നിവർത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിപ്പാൻ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചുതരും; രാവിലെവരെ കിടന്നുകൊൾക. 14 അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നതു ആരും അറിയരുതെന്നു അവൻ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു. 15 നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി. 16 അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; ആയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു. 17 അമ്മാവിയമ്മയുടെ അടുക്കൽ വെറുങ്കയ്യായി പോകരുതു എന്നു അവൻ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവൾ പറഞ്ഞു. 18 അതിന്നു അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീർക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.