റോമർ 5 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. 2 നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു. 3 അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു 4 നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. 5 പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ. 6 നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു. 7 നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. 8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. 9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. 10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. 11 അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു. 12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. 13 പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല. 14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. 15 എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. 16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു. 17 ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. 18 അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. 19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. 20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. 21 പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.