റോമർ 12 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. 2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. 3 ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. 4 ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; 5 അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു. 6 ആകയാൽ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം, 7 ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ, ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ, പ്രബോധിപ്പിക്കുന്നവൻ എങ്കിൽ 8 പ്രബോധനത്തിൽ, ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ, കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ. 9 സ്നേഹം നിർവ്യാജം ആയിരിക്കട്ടെ; തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ. 10 സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ. 11 ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ. 12 ആശയിൽ സന്തോഷിപ്പിൻ; 13 കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‌വിൻ. 14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ. 15 സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ. 16 തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു. 17 ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, 18 കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. 19 പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു. എന്നാൽ 20 “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 21 തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.