വെളിപ്പാട് 6 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കംപോലെ പറയുന്നതു ഞാൻ കേട്ടു. 2 അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. 3 അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു. 4 അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി. 5 മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു. 6 ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു. 7 നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു. 8 അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു. 9 അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു; 10 വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു. 11 അപ്പോൾ അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം എന്നു അവർക്കു അരുളപ്പാടുണ്ടായി. 12 ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു. 13 അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. 14 പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി. 15 ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; 16 ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ. 17 അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.