വെളിപ്പാട് 3 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക: ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു. 2 ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. 3 ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓർത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല. 4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു. 5 അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും. 6 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. 7 ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു: 8 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല. 9 യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽ നിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും. 10 സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും. 11 ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക. 12 ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും. 13 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. 14 ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു: 15 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. 16 ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും. 17 ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ 18 നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു. 19 എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. 20 ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. 21 ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ. 22 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.