സങ്കീർത്തനങ്ങൾ 9 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)സംഗീതപ്രമാണിക്കു പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും. 2 ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും. 3 എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചു പോകും. 4 നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു; 5 നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു. 6 ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു. 7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. 8 അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും. 9 യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ. 10 നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ. 11 സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ. 12 രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല. 13 യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ. 14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ. 15 ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു. 16 യഹോവ തന്നേത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ. 17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും. 18 ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല. 19 യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ. 20 യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു അവർക്കു ഭയം വരുത്തേണമേ. സേലാ. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.