സങ്കീർത്തനങ്ങൾ 10 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു? 2 ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നേ പിടിപെടട്ടെ. 3 ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു. 4 ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും. 5 അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു. 6 ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. 7 അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു. 8 അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു. 9 സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു. 10 അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു. 11 ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു; അവൻ ഒരുനാളും കാണുകയില്ല എന്നു അവൻ ഹൃദയത്തിൽ പറയുന്നു. 12 യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ. 13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു? 14 നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‌വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നേത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു. 15 ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ. 16 യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു. 17 ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു 18 യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.