Biblia Todo Logo
Bìoball air-loidhne

- Sanasan -

ഫിലിപ്പിയർ 2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ,

2 നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ.

3 ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.

4 ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.

5 ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ

7 ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി

8 തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.

9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;

10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും

11 എല്ലാനാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

12 അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.

13 ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു.

14 വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‌വിൻ.

15 അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.

16 അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും.

17 എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടും കൂടെ സന്തോഷിക്കും.

18 അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ;

19 എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു.

20 നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.

21 യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു.

22 അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.

23 ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു.

24 ഞാനും വേഗം വരും എന്നു കർത്താവിൽ ആശ്രയിച്ചിരിക്കുന്നു.

25 എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.

26 അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.

27 അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു.

28 ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.

29 അവനെ കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ.

30 എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan