Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 5 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 സകലകുഷ്ഠരോഗിയെയും സകലസ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിൽനിന്നു പുറത്താക്കുവാൻ യിസ്രായേൽമക്കളോടു കല്പിക്ക.

3 ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാൻ അവരുടെ മദ്ധ്യേ വസിക്കയാൽ അവർ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.

4 യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു അവരെ പാളയത്തിൽനിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേൽമക്കൾ ചെയ്തു.

5 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

6 നീ യിസ്രായേൽമക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാൽ ചെയ്ത പാപം

7 അവർ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങൾ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.

8 എന്നാൽ അകൃത്യത്തിന്നു പ്രതിശാന്തി വാങ്ങുവാൻ അവന്നു ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിന്നുള്ള പ്രതിശാന്തി യഹോവെക്കു കൊടുക്കുന്നതു പുരോഹിതന്നു ഇരിക്കേണം; അതുകൂടാതെ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കേണം.

9 യിസ്രായേൽമക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദർച്ചയായതൊക്കെയും അവന്നു ഇരിക്കേണം.

10 ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കൾ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.

11 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു.

12 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,

13 ഒരുത്തൻ അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭർത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവൾ അശുദ്ധയാകയും അവൾക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും

14 അവൾ ക്രിയയിൽ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയായിരിക്കയും ചെയ്താൽ, അല്ലെങ്കിൽ ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയല്ലാതിരിക്കയും ചെയ്താൽ

15 ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലേണം; അവൾക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേൽ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.

16 പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തേണം.

17 പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കേണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തിൽ ഇടേണം.

18 പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വെക്കേണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.

19 പുരോഹിതൻ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതു: ആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.

20 എന്നാൽ നിനക്കു ഭർത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കിൽ -

21 അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടു: യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീർപ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും പ്രാക്കും ആക്കി തീർക്കട്ടെ.

22 ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്നു നിന്റെ ഉദരം വീർപ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീ: ആമേൻ, ആമേൻ എന്നു പറയേണം.

23 പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കേണം.

24 അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും;

25 പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അർപ്പിക്കേണം.

26 പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്തു യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.

27 അവൾ അശുദ്ധയായി തന്റെ ഭർത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കയും ചെയ്യും.

28 എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്കു ദോഷം വരികയില്ല; അവൾ ഗർഭം ധരിക്കും.

29 ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;

30 ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവൻ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമൊക്കെയും അവളിൽ നടത്തേണം.

31 എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan