സംഖ്യാപുസ്തകം 32 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു 2 മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു: 3 അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ 4 എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ടു. 5 അതുകൊണ്ടു നിനക്കു അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്കു അവകാശമായി തരേണം; ഞങ്ങളെ യോർദ്ദാന്നക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു. 6 മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിന്നു പോകുമ്പോൾ നിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ? 7 യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു? 8 ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു. 9 അവർ എസ്കോൽ താഴ്‌വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി. 10 അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യംചെയ്തു കല്പിച്ചതു: 11 കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോടു പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു 12 അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റിനില്ക്കായ്കകൊണ്ടു തന്നേ. 13 അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി. 14 എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിപ്പാൻ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാർക്കു പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു. 15 നിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാൽ അവൻ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും. 16 അപ്പോൾ അവർ അടുത്തുചെന്നു പറഞ്ഞതു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ. 17 എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ. 18 യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല. 19 യോർദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോർദ്ദാന്നിക്കരെ ഞങ്ങൾക്കു അവകാശം ഉണ്ടല്ലോ. 20 അതിന്നു മോശെ അവരോടു പറഞ്ഞതു: നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു 21 യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാന്നക്കരെ കടന്നുപോകുമെങ്കിൽ 22 ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും. 23 എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും. 24 നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിതു നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊൾവിൻ. 25 ഗാദ്യരും രൂബേന്യരും മോശെയോടു: യജമാനൻ കല്പിക്കുന്നതുപോലെ അടിയങ്ങൾ ചെയ്തുകൊള്ളാം. 26 ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ. 27 അടിയങ്ങളോ യജമാനൻ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നുപോകാം എന്നു പറഞ്ഞു. 28 ആകയാൽ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനായ യോശുവയോടും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാൽ: 29 ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ്‌ദേശം അവകാശമായി കൊടുക്കേണം. 30 എന്നാൽ അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻദേശത്തുതന്നേ ആയിരിക്കേണം. 31 ഗാദ്യരും രൂബേന്യരും അതിന്നു: യഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം. 32 ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന്നു ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു. 33 അപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോര്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻ രാജാവായ ഓഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു. 34 അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്, 35 അരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ, 36 ബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകൾക്കു തൊഴുത്തുകളായും പണിതു. 37 രൂബേന്യർ ഹെശ്ബോനും എലെയാലേയും കിര്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ, 38 ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു. 39 മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്നു അതിനെ അടക്കി, അവിടെ പാർത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു. 40 മോശെ ഗിലെയാദ്‌ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവൻ അവിടെ പാർത്തു. 41 മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു. 42 നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിൻപ്രകാരം നോബഹ് എന്നു പേരിട്ടു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.