Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 26 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:

2 യിസ്രായേൽമക്കളുടെ സർവ്വസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിൻ എന്നു കല്പിച്ചു.

3 അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയിൽവെച്ചു അവരോടു:

4 യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിൻ എന്നു പറഞ്ഞു.

5 യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം;

6 ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്നു കർമ്മ്യകുടുംബം.

7 ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതുപേർ.

8 പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.

9 എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവെക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ;

10 ഭൂമി വായി തുറന്നു അവരെയും കോരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായ്തീർന്നു.

11 എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.

12 ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം;

13 സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം.

14 ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ.

15 ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്നു ശൂനീയകുടുംബം;

16 ഒസ്നിയിൽനിന്നു ഒസ്നീയകുടുംബം; ഏരിയിൽനിന്നു ഏര്യകുടുംബം;

17 അരോദിൽനിന്നു അരോദ്യകുടുംബം; അരേലിയിൽനിന്നു അരേല്യകുടുംബം.

18 അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തഞ്ഞൂറുപേർ.

19 യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവെച്ചു മരിച്ചുപോയി.

20 യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശേലയിൽനിന്നു ശേലാന്യകുടുംബം; ഫേരെസിൽനിന്നു ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം.

21 ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്നു ഹാമൂല്യകുടുംബം.

22 അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറുപേർ.

23 യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽ നിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;

24 യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം.

25 അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തുനാലായിരത്തി മുന്നൂറുപേർ.

26 സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സേരെദിൽനിന്നു സേരെദ്യകുടുംബം; ഏലോനിൽനിന്നു ഏലോന്യകുടുംബം; യഹ്ലേലിൽനിന്നു യഹ്ലേല്യകുടുംബം.

27 അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തഞ്ഞൂറുപേർ.

28 യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: മനശ്ശെയും എഫ്രയീമും.

29 മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്നു മാഖീര്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം.

30 ഗിലെയാദിന്റെ പുത്രന്മാർ ആരെന്നാൽ: ഈയേസെരിൽ നിന്നു ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്നു ഹേലെക്ക്യകുടുംബം.

31 അസ്രീയേലിൽനിന്നു അസ്രീയേല്യകുടുംബം; ശേഖെമിൽനിന്നു ശേഖെമ്യകുടുംബം;

32 ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്നു ഹേഫെര്യകുടുംബം.

33 ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.

34 അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തീരായിരത്തെഴുനൂറു പേർ.

35 എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഥേലഹിൽനിന്നു ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്നു ബേഖെര്യകുടുംബം; തഹനിൽനിന്നു തഹന്യകുടുംബം,

36 ശൂഥേലഹിന്റെ പുത്രന്മാർ ആരെന്നാൽ: ഏരാനിൽനിന്നു ഏരാന്യകടുംബം.

37 അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തീരായിരത്തഞ്ഞൂറുപേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.

38 ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്നു അസ്ബേല്യകുടുംബം; അഹീരാമിൽനിന്നു അഹീരാമ്യകുടുംബം;

39 ശെഫൂമിൽനിന്നു ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്നു ഹൂഫാമ്യകുടുംബം.

40 ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്നു അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.

41 ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറുപേർ.

42 ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.

43 ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനൂറുപേർ.

44 ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വയിൽനിന്നു യിശ്വീയ കുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.

45 ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.

46 ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ.

47 ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറുപേർ.

48 നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം;

49 യേസെരിൽനിന്നു യേസെര്യകുടുംബം. ശില്ലോമിൽനിന്നു ശില്ലോമ്യകുടുംബം.

50 ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി നാനൂറുപേർ.

51 യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതുപേർ.

52 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:

53 ഇവർക്കു ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.

54 ആളേറെയുള്ളവർക്കു അവകാശം ഏറെയും ആൾ കുറവുള്ളവർക്കു അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.

55 ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം.

56 ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.

57 ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം.

58 ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.

59 അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.

60 അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.

61 എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.

62 ഒരു മാസം പ്രായംമുതൽ മേലോട്ടു അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തുമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്കു അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.

63 യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നേ.

64 എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

65 അവർ മരുഭൂമിയിൽവെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan