സംഖ്യാപുസ്തകം 23 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അനന്തരം ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. 2 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു; 3 പിന്നെ ബിലെയാം ബാലാക്കിനോടു: നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവൻ എന്നെ ദർശിപ്പിക്കുന്നതു ഞാൻ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി. 4 ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാൻ ഏഴു പീഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു. 5 എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു. 6 അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. 7 അപ്പോൾ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്ക് എന്നെ അരാമിൽനിന്നും മോവാബ്‌രാജാവു പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു. 8 ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും? 9 ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാൻ അവനെ ദർശിക്കുന്നു; ഇതാ തനിച്ചു പാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല. 10 യാക്കോബിന്റെ ധൂളിയെ ആർക്കു എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആർക്കു ഗണിക്കാം? ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ. 11 ബാലാക്ക് ബിലെയാമിനോടു: നീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാൻ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 12 അതിന്നു അവൻ: യഹോവ എന്റെ നാവിന്മേൽ തന്നതു പറവാൻ ഞാൻ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു. 13 ബാലാക്ക് അവനോടു: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു. 14 ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു. 15 പിന്നെ അവൻ ബാലാക്കിനോടു: ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു. 16 യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു. 17 അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു. 18 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്കേ, എഴുന്നേറ്റു കേൾക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക. 19 വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ? 20 അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ. 21 യാക്കോബിൽ തിന്മ കാണ്മാനില്ല; യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു. 22 ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു. 23 ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു. 24 ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല. 25 അപ്പോൾ ബാലാക്ക് ബിലെയാമിനോടു: അവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു. 26 ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു. 27 ബാലാക്ക് ബിലെയാമിനോടു: വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാൻ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു. 28 അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി. 29 ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. 30 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.