നെഹെമ്യാവ് 8 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അങ്ങനെ യിസ്രായേൽമക്കൾ തങ്ങളുടെ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ സകലജനവും നീർവ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്തു ഒരുമനപ്പെട്ടു വന്നുകൂടി, യഹോവ യിസ്രായേലിന്നു കല്പിച്ചു കൊടുത്ത മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോടു പറഞ്ഞു. 2 ഏഴാം മാസം ഒന്നാം തിയ്യതി എസ്രാപുരോഹിതൻ പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു, 3 നീർവ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു. 4 ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേൽ, മല്ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവു, മെശുല്ലാം എന്നിവരും നിന്നു. 5 എസ്രാ സകലജനവും കാൺകെ പുസ്തകം വിടർത്തു; അവൻ സകലജനത്തിന്നും മീതെ ആയിരുന്നു; അതു വിടർത്തപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. 6 എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി; ആമേൻ, ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു. 7 ജനം താന്താന്റെ നിലയിൽ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസര്യാവു, യോസാബാദ്, ഹാനാൻ, പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു. 8 ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു. 9 ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകലജനത്തോടും: ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവെക്കു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു കരകയും അരുതു എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരഞ്ഞുപോയിരുന്നു. 10 അനന്തരം അവർ അവരോടു: നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടീട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു. 11 അവ്വണ്ണം ലേവ്യരും നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുതു എന്നു പറഞ്ഞു സർവ്വജനത്തെയും സാവധാനപ്പെടുത്തി. 12 തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകർച്ച കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു. 13 പിറ്റെന്നാൾ സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേൾക്കേണ്ടതിന്നു എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി. 14 യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: യിസ്രായേൽമക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാർക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ 15 കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിന്നു നിങ്ങൾ മലയിൽ ചെന്നു ഒലിവുകൊമ്പു, കാട്ടൊലിവുകൊമ്പു, കൊഴുന്തുകൊമ്പു, ഈന്തമടൽ, തഴെച്ച വൃക്ഷങ്ങളുടെ കൊമ്പു എന്നിവ കൊണ്ടുവരുവിൻ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ചു പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു. 16 അങ്ങനെ ജനം ചെന്നു ഒരോരുത്തൻ താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീർവ്വാതില്ക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതില്ക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി. 17 പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി കൂടാരങ്ങളിൽ പാർത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏറ്റവും വലിയ സന്തോഷം ഉണ്ടായി. 18 ആദ്യദിവസം മുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിച്ചു; അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.