നെഹെമ്യാവ് 3 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിൻ വാതിൽ പണിതു: അവർ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു. 2 അവർ പണിതതിന്നപ്പുറം യെരീഹോക്കാർ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു. 3 മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി. 4 അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു. 5 അവരുടെ അപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലെക്കു ചുമൽ കൊടുത്തില്ല. 6 പഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി. 7 അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്കു ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീർത്തു. 8 അതിന്നപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകനായ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അവന്റെ അപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവു അറ്റകുറ്റം തീർത്തു വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു. 9 അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവു അറ്റകുറ്റം തീർത്തു. 10 അവരുടെ അപ്പുറം ഹരൂമഫിന്റെ മകൻ യെദായാവു തന്റെ വീട്ടിന്നു നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു. 11 മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു. 12 അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു. 13 താഴ്‌വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു: അവർ അതു പണിതു അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി. 14 കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകൻ മല്ക്കീയാവു അറ്റകുറ്റം തീർത്തു; അവൻ അതു പണിതു അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി. 15 ഉറവുവാതിൽ മിസ്പാദേശത്തിന്റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു; അവൻ അതു പണിതു മേച്ചൽ കഴിച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തിൽ നിന്നു ഇറങ്ങുന്ന കല്പടിവരെ തീർത്തു. 16 അവന്റെ അപ്പുറം ബേത്ത്സൂർദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീർത്തു. 17 അതിന്നപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേർക്കു അറ്റകുറ്റം തിർത്തു. 18 അതിന്റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു. 19 അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. 20 അതിന്റെശേഷം സബ്ബായിയുടെ മകൻ ബാരൂക്ക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതിൽവരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു. 21 അതിന്റെ ശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്റെ വീട്ടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. 22 അതിന്റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു. 23 അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവു തന്റെ വീട്ടിന്നരികെ അറ്റകുറ്റം തീർത്തു. 24 അതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു. 25 ഊസായിയുടെ മകൻ പാലാൽ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേർന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവു അറ്റകുറ്റം തീർത്തു. 26 ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്കു നീർവ്വാതിലിന്നെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു. 27 അതിന്റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഓഫേലിന്റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. 28 കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. 29 അതിന്റെ ശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവു അറ്റകുറ്റം തീർത്തു. 30 അതിന്റെശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു. 31 അതിന്റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവു ഹമ്മീഫ്ഖാദ് വാതിലിന്നു നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു. 32 കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിന്നും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിർത്തു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.