മർക്കൊസ് 2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി. 2 ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു. 3 അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു. 4 പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു. 5 യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. 6 അവിടെ ചില ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? 7 ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. 8 ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു? 9 പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. 10 എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു — അവൻ പക്ഷവാതക്കാരനോടു: 11 എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. 12 ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. 13 അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു. 14 പിന്നെ അവൻ കടന്നു പോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു. 15 അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു. 16 അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടു: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു. 17 യേശു അതു കേട്ടു അവരോടു: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു. 18 യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവർ വന്നു അവനോടു: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു. 19 യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്കു ഉപവസിപ്പാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവർക്കു ഉപവസിപ്പാൻ കഴികയില്ല. 20 എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവർ ഉപവസിക്കും. 21 പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം ആരും ചേർത്തു തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതുക്കണ്ടം പഴയതിൽ നിന്നു വലിഞ്ഞിട്ടു ചീന്തൽ ഏറ്റവും വല്ലാതെ ആകും. 22 ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ പകർന്നു വെക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകർന്നു വെക്കേണ്ടതു. 23 അവൻ ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴിനടക്കയിൽ കതിർ പറിച്ചുതുടങ്ങി. 24 പരീശന്മാർ അവനോടു: നോക്കു, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. 25 അവൻ അവരോടു: ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു? 26 *അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. 27 പിന്നെ അവൻ അവരോടു: മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായതു; 28 അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു എന്നു പറഞ്ഞു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.