മീഖാ 2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്കു അയ്യോ കഷ്ടം! അവർക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നേ അവർ അതു നടത്തുന്നു. 2 അവർ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു. 3 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ വംശത്തിന്റെ നേരെ അനർത്ഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിർന്നു നടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ. 4 അന്നാളിൽ നിങ്ങളെക്കുറിച്ചു ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തു: കഥ കഴിഞ്ഞു; നമുക്കു പൂർണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവൻ എന്റെ ജനത്തിന്റെ ഓഹരി മാറ്റിക്കളഞ്ഞു; അവൻ അതു എന്റെ പക്കൽനിന്നു എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികൾക്കു അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും; 5 അതുകൊണ്ടു യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല. 6 പ്രസംഗിക്കരുതെന്നു അവർ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ചു അവർ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല. 7 യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികൾ? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങൾ ഗുണകരമല്ലയോ? 8 മുമ്പെതന്നേ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്നു നിങ്ങൾ പുതെപ്പു വലിച്ചെടുക്കുന്നു. 9 നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങൾ എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു. 10 പുറപ്പെട്ടുപോകുവിൻ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല. 11 ഒരുത്തൻ കാറ്റിനെയും വ്യാജത്തെയും പിൻചെന്നു: ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാൽ അവൻ ഈ ജനത്തിന്നു ഒരു പ്രസംഗിയായിരിക്കും. 12 യാക്കോബേ, ഞാൻ നിനക്കുള്ളവരെ ഒക്കെയും ചേർത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും. 13 തകർക്കുന്നവൻ അവർക്കു മുമ്പായി പുറപ്പെടുന്നു; അവർ തകർത്തു ഗോപുരത്തിൽകൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവർക്കു മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.