ലൂക്കൊസ് 24 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി, 2 കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു. 3 അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. 4 അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു. 5 ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു? 6 അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു; 7 മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു 8 അവർ അവന്റെ വാക്കു ഓർത്തു, 9 കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു. 10 അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു. 11 ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. 12 [എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.] 13 അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ 14 ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു. 15 സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നുനടന്നു. 16 അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു. 17 അവൻ അവരോടു:നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു. 18 ക്ലെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു. 19 ഏതു എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ. 20 നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു. 21 ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു. 22 ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി 23 അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു. 24 ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും. 25 അവൻ അവരോടു:“അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, 26 ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ” എന്നു പറഞ്ഞു, 27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. 28 അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. 29 അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു. 30 അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു. 31 ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി 32 അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു. 33 ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 34 കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. 35 വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‌വന്നതും അവർ വിവരിച്ചു പറഞ്ഞു. 36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: [നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.] 37 അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി. 38 അവൻ അവരോടു:നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു? 39 ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു. 40 [ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.] 41 അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു:തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു. 42 അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവന്നു കൊടുത്തു. 43 അതു അവൻ വാങ്ങി അവർ കാൺകെ തിന്നു. 44 പിന്നെ അവൻ അവരോടു:ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു 45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. 46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കയും 47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. 48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു. 49 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു. 50 അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു. 51 അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു [സ്വർഗ്ഗാരോഹണം ചെയ്തു]. 52 അവർ [അവനെ നമസ്കരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു 53 എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.