ലേവ്യപുസ്തകം 4 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴെച്ചു ആ വക വല്ലതും ചെയ്താൽ - 3 അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവെക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം. 4 അവൻ ആ കാളയെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവെച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം. 5 അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. 6 പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. 7 പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 8 പാപയാഗത്തിന്നുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്നു നീക്കേണം. 9 മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവൻ എടുക്കേണം. 10 സമാധാനയാഗത്തിന്നുള്ള കാളയിൽനിന്നു എടുത്തതുപോലെ തന്നേ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം. 11 കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും 12 അവൻ പാളയത്തിന്നു പുറത്തു വെണ്ണീർ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേൽ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീർ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം. 13 യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പിഴെക്കയും ആ കാര്യം സഭയുടെ കണ്ണിന്നു മറഞ്ഞിരിക്കയും, ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവർ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ, 14 ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കേണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ടു 15 സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വെക്കേണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കയും വേണം. 16 അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. 17 പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. 18 അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 19 അതിന്റെ മേദസ്സു ഒക്കെയും അവൻ അതിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. 20 പാപയാഗത്തിന്നുള്ള കാളയെ അവൻ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവരോടു ക്ഷമിക്കും. 21 പിന്നെ അവൻ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം. 22 ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പിഴെച്ചു കുറ്റക്കാരനായി തീരുകയും ചെയ്താൽ 23 അവൻ ചെയ്ത പാപം അവന്നു ബോദ്ധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം. 24 അവൻ ആട്ടിന്റെ തലയിൽ കൈവെച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ അറുക്കേണം; അതു ഒരു പാപയാഗം. 25 പിന്നെ പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 26 അതിന്റെ മേദസ്സു ഒക്കെയും അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്റെ പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും. 27 ദേശത്തെ ജനത്തിൽ ഒരുത്തൻ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാൽ പിഴെച്ചു കുറ്റക്കാരനായി തീർന്നാൽ 28 പാപം അവന്നു ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം. 29 പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം. 30 പുരോഹിതൻ അതിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 31 അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്തു പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവെക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും. 32 അവൻ പാപയാഗമായി ഒരു ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം. 33 പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം. 34 പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 35 അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തിൽനിന്നു ആട്ടിൻകുട്ടിയുടെ മേദസ്സു എടുക്കുന്നതുപോലെ അവൻ എടുക്കേണം; പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവൻ ചെയ്ത പാപത്തിന്നു പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.