ലേവ്യപുസ്തകം 15 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: 2 നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ആർക്കെങ്കിലും തന്റെ അംഗത്തിൽ ശുക്ലസ്രവം ഉണ്ടായാൽ അവൻ സ്രവത്താൽ അശുദ്ധൻ ആകുന്നു. 3 അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതു: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ. 4 സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം. 5 അവന്റെ കിടക്ക തൊടുന്ന മനുഷ്യൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 6 സ്രവക്കാരൻ ഇരുന്ന സാധനത്തിന്മേൽ ഇരിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം. 7 സ്രവക്കാരന്റെ ദേഹം തൊടുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 8 സ്രവക്കാരൻ ശുദ്ധിയുള്ളവന്റെമേൽ തുപ്പിയാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 9 സ്രവക്കാരൻ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും. 10 അവന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവയെ വഹിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 11 സ്രവക്കാരൻ വെള്ളംകൊണ്ടു കൈകഴുകാതെ ആരെ എങ്കിലും തൊട്ടാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 12 സ്രവക്കാരൻ തൊട്ട മൺപാത്രം ഉടെച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളംകൊണ്ടു കഴുകേണം. 13 സ്രവക്കാരൻ സ്രവം മാറി ശുദ്ധിയുള്ളവൻ ആകുമ്പോൾ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും. 14 എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ വന്നു അവയെ പുരോഹിതന്റെ പക്കൽ കൊടുക്കേണം. 15 പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം. 16 ഒരുത്തന്നു ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം. 17 ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം. 18 പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം. 19 ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. 20 അവളുടെ അശുദ്ധിയിൽ അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവൾ ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം. 21 അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 22 അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 23 അവളുടെ കിടക്കമേലോ അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം. 24 ഒരുത്തൻ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേൽ ആകയും ചെയ്താൽ അവൻ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും. 25 ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവൾ അശുദ്ധയായിരിക്കേണം. 26 രക്തസ്രവമുള്ള കാലത്തെല്ലാം അവൾ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവൾ ഇരിക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം. 27 അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 28 രക്തസ്രവം മാറി ശുദ്ധിയുള്ളവളായാൽ അവൾ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്റെ ശേഷം അവൾ ശുദ്ധിയുള്ളവളാകും. 29 എട്ടാം ദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. 30 പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവൾക്കു വേണ്ടി യഹോവയുടെ സന്നിധിയിൽ അവളുടെ അശുദ്ധിയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം. 31 യിസ്രായേൽമക്കളുടെ നടുവിലുള്ള എന്റെ നിവാസം അവർ അശുദ്ധമാക്കീട്ടു തങ്ങളുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിന്നു നിങ്ങൾ അവരുടെ അശുദ്ധിയെക്കുറിച്ചു അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം. 32 ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താൽ അശുദ്ധനായവനും 33 ഋതുസംബന്ധമായ ദീനമുള്ളവൾക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.