വിലാപങ്ങൾ 3 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു. 2 അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു. 3 അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു. 4 എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു. 5 അവൻ എന്റെ നേരെ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു. 6 ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. 7 പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. 8 ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർത്ഥന തടുത്തുകളയുന്നു. 9 വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു. 10 അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. 11 അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു. 12 അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു. 13 അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു. 14 ഞാൻ എന്റെ സർവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. 15 അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു. 16 അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകർത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. 17 നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. 18 എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. 19 നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ. 20 എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു. 21 ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും. 22 നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; 23 അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു. 24 യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു. 25 തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ. 26 യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു. 27 ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു. 28 അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൗനം ആയിരിക്കട്ടെ. 29 അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും. 30 തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ. 31 കർത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ. 32 അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും. 33 മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു. 34 ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും 35 അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും 36 മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ? 37 കർത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു? 38 അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ? 39 മനുഷ്യൻ ജീവനുള്ളന്നു നെടുവീർപ്പിടുന്നതെന്തു? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീർപ്പിടട്ടെ. 40 നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധന ചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക. 41 നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയർത്തുക. 42 ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല. 43 നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടർന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു. 44 ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു. 45 നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു. 46 ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളർന്നിരിക്കുന്നു. 47 പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു. 48 എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീർത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു. 49 യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം 50 എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല. 51 എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു. 52 കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു. 53 അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു. 54 വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു. 55 യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു. 56 എന്റെ നെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർത്ഥന നീ കേട്ടിരിക്കുന്നു. 57 ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. 58 കർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു. 59 യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്തുതരേണമേ. 60 അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു. 61 യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും 62 എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു. 63 അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു. 64 യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവർക്കു പകരം ചെയ്യേണമേ; 65 നീ അവർക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവർക്കു വരട്ടെ. 66 നീ അവരെ കോപത്തോടെ പിന്തുടർന്നു, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്നു നശിപ്പിച്ചുകളയും. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.