വിലാപങ്ങൾ 1 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായകിയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ? 2 രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു. 3 കഷ്ടതയും കഠിനദാസ്യവുംനിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവെച്ചു അവളെ എത്തിപ്പിടിക്കുന്നു. 4 ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. 5 അവളുടെ അതിക്രമബാഹുല്യംനിമിത്തം യഹോവ അവൾക്കു സങ്കടം വരുത്തിയതിനാൽ അവളുടെ വൈരികൾക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു. 6 സീയോൻ പുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാർ മേച്ചൽ കാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു. 7 കഷ്ടാരിഷ്ടതകളുടെ കാലത്തു യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; സഹായിപ്പാൻ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കയ്യിൽ അകപ്പെട്ടപ്പോൾ, വൈരികൾ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു. 8 യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ടു അവളെ നിന്ദിക്കുന്നു; അവളോ നെടുവീർപ്പിട്ടുകൊണ്ടു പിന്നോക്കം തിരിയുന്നു. 9 അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു; അവൾ ഭാവികാലം ഓർത്തില്ല; അവൾ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവേ, ശത്രു വമ്പു പറയുന്നു; എന്റെ സങ്കടം നോക്കേണമേ. 10 അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്റെ സഭയിൽ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികൾ അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നതു അവൾ കണ്ടുവല്ലോ. 11 അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ടു ആഹാരം തിരയുന്നു; വിശപ്പടക്കുവാൻ ആഹാരത്തിന്നു വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ. 12 കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങൾക്കു ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്കു അവൻ വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ! 13 ഉയരത്തിൽനിന്നു അവൻ എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന്നു അവൻ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവൻ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു. 14 എന്റെ അതിക്രമങ്ങളുടെ നുകം അവൻ സ്വന്തകയ്യാൽ പിണെച്ചിരിക്കുന്നു; അവ എന്റെ കഴുത്തിൽ പിണെഞ്ഞിരിക്കുന്നു; അവൻ എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്കു എതിർത്തുനില്പാൻ കഴിയാത്തവരുടെ കയ്യിൽ കർത്താവു എന്നെ ഏല്പിച്ചിരിക്കുന്നു. 15 എന്റെ നടുവിലെ സകലബലവാന്മാരെയും കർത്താവു നിരസിച്ചുകളഞ്ഞു; എന്റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന്നു അവൻ എന്റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കർത്താവു ചക്കിൽ ഇട്ടു ചിവിട്ടിക്കളഞ്ഞിരിക്കുന്നു. 16 ഇതുനിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണു കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദൻ എന്നോടു അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാൽ എന്റെ മക്കൾ നശിച്ചിരിക്കുന്നു. 17 സീയോൻ കൈ മലർത്തുന്നു; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവ യാക്കോബിന്നു അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു. 18 യഹോവ നീതിമാൻ; ഞാൻ അവന്റെ കല്പനയോടു മത്സരിച്ചു; സകലജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൗവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു. 19 ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്നു ആഹാരം തിരഞ്ഞുനടക്കുമ്പോൾ നഗരത്തിൽവെച്ചു പ്രാണനെ വിട്ടു. 20 യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി, എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ കഠിനമായി മത്സരിക്കകൊണ്ടു എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞിരിക്കുന്നു; പുറമേ വാൾ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നേ. 21 ഞാൻ നെടുവീർപ്പിടുന്നതു അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനർത്ഥം കേട്ടു, നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു; നീ കല്പിച്ച ദിവസം നീ വരുത്തും; അന്നു അവരും എന്നെപ്പോലെയാകും. 22 അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവീർപ്പു വളരെയല്ലോ; എന്റെ ഹൃദയം രോഗാർത്തമായിരിക്കുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.