യോശുവ 9 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എന്നാൽ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാന്നിക്കരെ മലകളിലും താഴ്‌വരകളിലും ലെബാനോന്നെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും വസ്തുത കേട്ടപ്പോൾ 2 യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‌വാൻ ഏകമനസ്സോടെ യോജിച്ചു. 3 എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോൻ നിവാസികൾ കേട്ടപ്പോൾ 4 അവർ ഒരു ഉപായം പ്രയോഗിച്ചു: ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി, 5 പഴക്കംചെന്നു കണ്ടംവെച്ച ചെരിപ്പു കാലിലും പഴയവസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിന്നുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു. 6 അവർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ചെന്നു അവനോടും യിസ്രായേൽപുരഷന്മാരോടും: ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു. 7 യിസ്രായേൽപുരുഷന്മാർ ആ ഹിവ്യരോടു: പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; എന്നാൽ ഞങ്ങൾ നിങ്ങളോടു ഉടമ്പടി ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു. 8 അവർ യോശുവയോടു: ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോടു: നിങ്ങൾ ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. 9 അവർ അവനോടു പറഞ്ഞതു: അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും 10 ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻ രാജാവായ ഓഗ് ഇങ്ങനെ യോർദ്ദാന്നക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു. 11 അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികൾ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടു: ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോടു ഉടമ്പടിചെയ്യേണം. 12 ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്നു എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു. 13 ഞങ്ങൾ വീഞ്ഞു നിറെച്ചു കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായുമിരിക്കുന്നു. 14 അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു. 15 യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു. 16 ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു. 17 യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്‒യെയാരീം എന്നിവ ആയിരുന്നു. 18 സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു. 19 പ്രഭുക്കന്മാർ എല്ലാവരും സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്കു അവരെ തൊട്ടുകൂടാ. 20 നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു. 21 അവർക്കു വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാർ അവരോടു: ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു. 22 പിന്നെ യോശുവ അവരെ വിളിച്ചു അവരോടു: നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു? 23 ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ: എന്റെ ദൈവത്തിന്റെ ആലയത്തിന്നുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു. 24 അവർ യോശുവയോടു: നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടു: നിങ്ങൾക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങൾക്കു അറിവുകിട്ടിയതിനാൽ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങൾ ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരിക്കുന്നു. 25 ഇപ്പോൾ ഇതാ: ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു. 26 അങ്ങനെ അവൻ അവരോടു ചെയ്തു; യിസ്രായേൽമക്കൾ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു. 27 അന്നു യോശുവ അവരെ സഭെക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.