യോശുവ 7 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരെ ജ്വലിച്ചു. 2 യോശുവ യെരീഹോവിൽനിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു അവരോടു: നിങ്ങൾ ചെന്നു ദേശം ഒറ്റുനോക്കുവിൻ എന്നു പറഞ്ഞു. അവർ ചെന്നു ഹായിയെ ഒറ്റുനോക്കി, 3 യോശുവയുടെ അടുക്കൽ മടങ്ങിവന്നു അവനോടു: ജനം എല്ലാം പോകേണമെന്നില്ല; ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പോയാൽ മതി; സർവ്വജനത്തെയും അവിടേക്കു അയച്ചു കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ എന്നു പറഞ്ഞു. 4 അങ്ങനെ ജനത്തിൽ ഏകദേശം മൂവായിരം പേർ അവിടേക്കു പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽനിന്നു തോറ്റു ഓടി. 5 ഹായിപട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതില്ക്കൽ തുടങ്ങി ശെബാരീംവരെ പിന്തുടർന്നു മലഞ്ചരിവിൽവെച്ചു അവരെ തോല്പിച്ചു. അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീർന്നു. 6 യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: 7 അയ്യോ കർത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോര്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നീ ഈ ജനത്തെ യോർദ്ദാന്നിക്കരെ കൊണ്ടുവന്നതു എന്തു? ഞങ്ങൾ യോർദ്ദാന്നക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു. 8 യഹോവേ, യിസ്രായേൽ ശത്രുക്കൾക്കു പുറം കാട്ടിയശേഷം ഞാൻ എന്തു പറയേണ്ടു! 9 കനാന്യരും ദേശനിവാസികൾ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയിൽനിന്നു ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു. 10 യഹോവ യോശുവയോടു അരുളിച്ചെയ്തതു: എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു? 11 യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അതു വെച്ചിരിക്കുന്നു. 12 യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. 13 നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു. 14 നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ടു അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. 15 ശപഥാർപ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവന്നുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചിരിക്കുന്നു. 16 അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. 17 അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. 18 അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. 19 യോശുവ ആഖാനോടു: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. 20 ആഖാൻ യോശുവയോടു: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴെച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. 21 ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്നു ഉത്തരം പറഞ്ഞു. 22 യോശുവ ദൂതന്മാരെ അയച്ചു; അവർ കൂടാരത്തിൽ ഓടിച്ചെന്നു; കൂടാരത്തിൽ അതും അടിയിൽ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു. 23 അവർ അവയെ കൂടാരത്തിൽനിന്നു എടുത്തു യോശുവയുടെയും എല്ലായിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വെച്ചു. 24 അപ്പോൾ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോർതാഴ്‌വരയിൽ കൊണ്ടുപോയി: 25 നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു. 26 അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോർതാഴ്‌വര എന്നു ഇന്നുവരെ പേർ പറഞ്ഞുവരുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.