യോശുവ 11 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അനന്തരം ഹാസോർരാജാവായ യാബീൻ ഇതു കേട്ടപ്പോൾ അവൻ മാദോൻ രാജാവായ യോബാബ്, ശിമ്രോൻരാജാവു, അക്ക്ശാഫ് രാജാവു എന്നിവരുടെ അടുക്കലും 2 വടക്കു മലമ്പ്രദേശത്തും കിന്നെരോത്തിന്നു തെക്കു സമഭൂമിയിലും താഴ്‌വീതിയിലും പടിഞ്ഞാറു ദോർമേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും 3 കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവ്വതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പെദേശത്തു ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു. 4 അവർ പെരുപ്പത്തിൽ കടല്ക്കരയിലെ മണൽപോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളുംകൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു. 5 ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി. 6 അപ്പോൾ യഹോവ യോശുവയോടു: അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം. 7 അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു. 8 യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്‌വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു. 9 യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളഞ്ഞു. 10 യോശുവ ആ സമയം തിരിഞ്ഞു ഹാസോർ പിടിച്ചു അതിലെ രാജാവിനെ വാൾകൊണ്ടു കൊന്നു; ഹാസോർ മുമ്പെ ആ രാജ്യങ്ങൾക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു. 11 അവർ അതിലെ സകലമനുഷ്യരെയും വാളിന്റെ വായ്ത്തലയാൽ വെട്ടി നിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു. 12 ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നിർമ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ. 13 എന്നാൽ കുന്നുകളിലെ പട്ടണങ്ങൾ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോർ മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളു. 14 ഈ പട്ടണങ്ങളിലെ കൊള്ള ഒക്കെയും കന്നുകാലികളെയും യിസ്രായേൽമക്കൾ തങ്ങൾക്കുതന്നേ എടുത്തു; എങ്കിലും മനുഷ്യരെ ഒക്കെയും അവർ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല. 15 യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല. 16 ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേൻദേശം ഒക്കെയും താഴ്‌വീതിയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു. 17 അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവൻ പിടിച്ചു വെട്ടിക്കൊന്നു. 18 ആ രാജാക്കന്മാരോടു ഒക്കെയും യോശുവ ഏറിയ കാലം യുദ്ധംചെയ്തിരുന്നു. 19 ഗിബയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി. 20 യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‌വാൻതക്കവണ്ണം അവർ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു. 21 അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളിൽനിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി. 22 ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല. 23 യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്തിന്നു സ്വസ്ഥത വന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.