Biblia Todo Logo
Bìoball air-loidhne

- Sanasan -

യോവേൽ 3 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ഞാൻ യെഹൂദയുടെയും യെരൂശലേമിന്റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും

2 ഞാൻ സകലജാതികളെയും കൂട്ടി യഹോശാഫാത്ത് താഴ്‌വരയിൽ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേൽനിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവർ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.

3 അവർ എന്റെ ജനത്തിന്നു ചീട്ടിട്ടു ഒരു ബാലനെ ഒരു വേശ്യക്കു വേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞുകുടിക്കയും ചെയ്തു.

4 സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമായുള്ളോവേ, നിങ്ങൾക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങൾ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോടു വല്ലതും ചെയ്യുന്നു എങ്കിൽ ഞാൻ വേഗമായും ശീഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നേ വരുത്തും.

5 നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.

6 യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്തു അകറ്റുവാൻ തക്കവണ്ണം നിങ്ങൾ അവരെ യവനന്മാർക്കു വിറ്റുകളഞ്ഞു.

7 എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാൻ അവരെ ഉണർത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നേ വരുത്തുകയും ചെയ്യും.

8 ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജാതിയായ ശെബായർക്കു വിറ്റുകളയും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.

9 ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിൻ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.

10 നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.

11 ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിൻ! യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.

12 ജാതികൾ ഉണർന്നു യഹോശാഫാത്ത് താഴ്‌വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.

13 അരിവാൾ ഇടുവിൻ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.

14 വിധിയുടെ താഴ്‌വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്‌വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.

15 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല.

16 യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവും ആയിരിക്കും.

17 അങ്ങനെ ഞാൻ എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാർ ഇനി അതിൽകൂടി കടക്കയുമില്ല.

18 അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്‌വരയെ നനെക്കും.

19 യെഹൂദാദേശത്തുവെച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു അവരോടു ചെയ്ത സാഹസംഹേതുവായി മിസ്രയീം ശൂന്യമായ്തീരുകയും എദോം നിർജ്ജനമരുഭൂമിയായി ഭവിക്കയും ചെയ്യും.

20 യെഹൂദെക്കോ സദാകാലത്തേക്കും യെരൂശലേമിന്നു തലമുറതലമുറയോളവും നിവാസികളുണ്ടാകും.

21 ഞാൻ പോക്കീട്ടില്ലാത്ത അവരുടെ രക്തപാതകം ഞാൻ പോക്കും; യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan