യോവേൽ 1 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 പെഥൂവേലിന്റെ മകനായ യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാടു. 2 മൂപ്പന്മാരേ, ഇതുകേൾപ്പിൻ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? 3 ഇതു നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം. 4 തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു. 5 മദ്യപന്മാരേ, ഉണർന്നു കരവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായ്ക്കു അറ്റുപോയിരിക്കയാൽ മുറയിടുവിൻ. 6 ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ലു സിംഹത്തിന്റെ പല്ലു; സിംഹിയുടെ അണപ്പല്ലു അതിന്നുണ്ടു. 7 അതു എന്റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ചു എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു. 8 യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക. 9 ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽനിന്നു അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ ദുഃഖിക്കുന്നു. 10 വയൽ ശൂന്യമായ്തീർന്നു ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാൽ ദേശം ദുഃഖിക്കുന്നു. 11 കൃഷിക്കാരേ, ലജ്ജിപ്പിൻ; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; വയലിലെ വിളവു നശിച്ചുപോയല്ലോ. 12 മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വിട്ടു മാഞ്ഞുപോയല്ലോ. 13 പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിൻ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങൾ വന്നു രട്ടുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ. 14 ഒരു ഉപവാസദിവസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോടു നിലവിളിപ്പിൻ; 15 ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു. 16 നമ്മുടെ കണ്ണിന്റെ മുമ്പിൽനിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ. 17 വിത്തു കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാൽ പാണ്ടികശാലകൾ ശൂന്യമായി കളപ്പുരകൾ ഇടിഞ്ഞുപോകുന്നു. 18 മൃഗങ്ങൾ എത്ര ഞരങ്ങുന്നു; കന്നുകാലികൾ മേച്ചൽ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകൾ ദണ്ഡം അനുഭവിക്കുന്നു. 19 യഹോവേ, നിന്നോടു ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കും പറമ്പിലെ വൃക്ഷങ്ങൾ എല്ലാം ജ്വാലെക്കും ഇരയായിത്തീർന്നുവല്ലോ. 20 നീർതോടുകൾ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കു ഇരയായിത്തീരുകയും ചെയ്തതുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.