യിരെമ്യാവ് 8 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ആ കാലത്തു അവർ യെഹൂദാരാജാക്കന്മാരുടെ അസ്ഥികളെയും പ്രഭുക്കന്മാരുടെ അസ്ഥികളെയും പുരോഹിതന്മാരുടെ അസ്ഥികളെയും പ്രവാചകന്മാരുടെ അസ്ഥികളെയും യെരൂശലേംനിവാസികളുടെ അസ്ഥികളെയും ശവക്കുഴികളിൽനിന്നെടുത്തു, 2 തങ്ങൾ സ്നേഹിച്ചതും സേവിച്ചതും പിഞ്ചെന്നു അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യന്നും ചന്ദ്രന്നും ആകാശത്തിലെ സർവ്വസൈന്യത്തിന്നും മുമ്പാകെ അവയെ നിരത്തിവെക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിന്നു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാടു. 3 ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പു ഒക്കെയും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നേ, ജീവനെയല്ല മരണത്തെ തിരഞ്ഞെടുക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. 4 നീ അവരോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരുത്തൻ വീണാൽ എഴുനീല്ക്കയില്ലയോ? ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരികയില്ലയോ? 5 യെരൂശലേമിലെ ഈ ജനമോ ഇടവിടാത്ത പിന്മാറ്റമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ടു മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്തു? 6 ഞാൻ ശ്രദ്ധവെച്ചു കേട്ടു; അവർ നേരു സംസാരിച്ചില്ല; അയ്യോ ഞാൻ എന്തു ചെയ്തുപോയി എന്നു പറഞ്ഞു ആരും തന്റെ ദുഷ്ടതയെക്കുറിച്ചു അനുതപിച്ചില്ല; കുതിര പടെക്കു പായുന്നതുപോലെ ഓരോരുത്തൻ താന്താന്റെ വഴിക്കു തിരിയുന്നു. 7 ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിന്നുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല. 8 ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടു എന്നു നിങ്ങൾ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു. 9 ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവർക്കു എന്തൊരു ജ്ഞാനമുള്ളു? 10 അതുകൊണ്ടു ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 11 സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു. 12 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ ദർശനകാലത്തു അവർ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു. 13 ഞാൻ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു. 14 നാം അനങ്ങാതിരിക്കുന്നതെന്തു? കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്നു അവിടെ നശിച്ചുപോക; നാം യഹോവയോടു പാപം ചെയ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ചു നശിപ്പിച്ചിരിക്കുന്നു. 15 നാം സമാധാനത്തിന്നായി കാത്തിരുന്നു; എന്നാൽ ഒരു ഗുണവും വന്നില്ല; രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി! 16 അവന്റെ കുതിരകളുടെ ചിറാലിപ്പു ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു ദേശമൊക്കെയും വിറെക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും. 17 ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയക്കും; അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാടു. 18 അയ്യോ, എന്റെ സങ്കടത്തിൽ എനിക്കു ആശ്വാസം വന്നെങ്കിൽ കൊള്ളായിരുന്നു; എന്റെ മനസ്സു വല്ലാതെ ഇരിക്കുന്നു. 19 കേട്ടോ, ദൂരദേശത്തുനിന്നു എന്റെ ജനത്തിന്റെ പുത്രി: സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവു അവിടെ ഇല്ലയോ എന്നു നിലവിളിക്കുന്നു. അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും അന്യദേശങ്ങളിലെ മിത്ഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്നു? 20 കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതുമില്ല. 21 എന്റെ ജനത്തിൻ പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു. 22 ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു? |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.