Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 7 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:

2 നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ടു: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചുപറക.

3 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.

4 യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുതു.

5 നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,

6 പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങൾക്കു ആപത്തിന്നായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നു എങ്കിൽ,

7 ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.

8 നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.

9 നിങ്ങൾ മോഷ്ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.

10 പിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ടു: ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ?

11 എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങിനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു.

12 എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!

13 ആകയാൽ നിങ്ങൾ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങൾ കേൾക്കാതിരിക്കയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു,

14 എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാൻ ചെയ്യും.

15 നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.

16 അതുകൊണ്ടു നീ ഈ ജനത്തിന്നു വേണ്ടി പ്രാർത്ഥിക്കരുതു; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാൻ നിന്റെ അപേക്ഷ കേൾക്കയില്ല.

17 യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവർ ചെയ്യുന്നതു നീ കാണുന്നില്ലയോ?

18 എനിക്കു കോപം വരത്തക്കവണ്ണം അവർ ആകാശരാജ്ഞിക്കു അപ്പം ചുടേണ്ടതിന്നും അന്യദേവന്മാർക്കു പാനീയബലി പകരേണ്ടതിന്നും മക്കൾ വിറകു പെറുക്കുകയും അപ്പന്മാർ തീ കത്തിക്കയും സ്ത്രീകൾ മാവു കുഴെക്കുകയും ചെയ്യുന്നു.

19 എന്നാൽ അവർ എന്നെയോ മുഷിപ്പിക്കുന്നതു? സ്വന്തലജ്ജെക്കായിട്ടു തങ്ങളെ തന്നേയല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.

20 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്തു മനുഷ്യന്റെ മേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.

21 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ.

22 ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല.

23 എന്റെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിൻ എന്നീ കാര്യമത്രേ ഞാൻ അവരോടു കല്പിച്ചതു.

24 എന്നാൽ അവർ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നേ പൊയ്ക്കളഞ്ഞു.

25 നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.

26 എന്നിട്ടും എന്നെ കേട്ടനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.

27 ഈ വചനങ്ങളെ ഒക്കെയും നീ അവരോടു പറയുമ്പോൾ അവർ നിനക്കു ചെവി തരികയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം പറകയില്ല;

28 എന്നാൽ നീ അവരോടു പറയേണ്ടതു: തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കയോ ഉപദേശം കൈക്കൊൾകയോ ചെയ്യാത്ത ജാതിയാകുന്നു ഇതു; വിശ്വസ്തത നശിച്ചു അവരുടെ വായിൽനിന്നും നിർമ്മൂലമായിരിക്കുന്നു.

29 നിന്റെ തലമുടി കത്രിച്ചു എറിഞ്ഞുകളക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്ക; യഹോവ തന്റെ ക്രോധത്തിന്റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.

30 യെഹൂദാപുത്രന്മാർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

31 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവർ ബെൻഹിന്നോം താഴ്‌വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.

32 അതുകൊണ്ടു ഇനി അതിന്നു തോഫെത്ത് എന്നും ബെൻ ഹിന്നോംതാഴ്‌വര എന്നും പേരു പറയാതെ കൊലത്താഴ്‌വര എന്നു പേർ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. വേറെ സ്ഥലം ഇല്ലായ്കകൊണ്ടു അവർ തോഫെത്തിൽ ശവം അടക്കും.

33 എന്നാൽ ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ കാട്ടുമൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളകയുമില്ല.

34 അന്നു ഞാൻ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശമോ ശൂന്യമായിക്കിടക്കും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan