Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 49 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്നു പുത്രന്മാരില്ലയോ? അവന്നു അവകാശിയില്ലയോ? പിന്നെ മല്ക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്തു?

2 ആകയാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ യുദ്ധത്തിന്റെ ആർപ്പുവിളി കേൾപ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അന്നു അതു ശൂന്യമായി കല്ക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേൽ തന്നേ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

3 ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിൻ; രട്ടുടുത്തുകൊൾവിൻ; വിലപിച്ചുകൊണ്ടു വേലികൾക്കരികെ ഉഴന്നുനടപ്പിൻ! മല്ക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.

4 ആർ എന്റെ നേരെ വരും എന്നു പറഞ്ഞു തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്‌വരകളിൽ നീ പ്രശംസിക്കുന്നതെന്തിന്നു? നിന്റെ താഴ്‌വരകൾ ഒഴുകിപ്പോകുന്നു.

5 ഇതാ നിന്റെ ചുറ്റുമുള്ള എല്ലാവരാലും ഞാൻ നിനക്കു ഭയം വരുത്തും എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു നിങ്ങൾ ഓരോരുത്തൻ താന്താന്റെ ചൊവ്വിന്നു ചിതറിപ്പോകും; ഉഴന്നുനടക്കുന്നവരെ കൂട്ടിച്ചേർപ്പാൻ ആരും ഉണ്ടാകയില്ല.

6 എന്നാൽ ഒടുക്കം ഞാൻ അമ്മോന്യരുടെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.

7 എദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തേമാനിൽ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?

8 ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞു കുഴികളിൽ പാർത്തുകൊൾവിൻ; ഞാൻ ഏശാവിന്റെ ആപത്തു, അവന്റെ ദർശനകാലം തന്നേ, അവന്നു വരുത്തും.

9 മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാ പറിപ്പാൻ ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയിൽ കള്ളന്മാർ വന്നാൽ തങ്ങൾക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നതു?

10 എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന്നു ഒളിച്ചുകൊൾവാൻ കഴികയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയല്ക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.

11 നിന്റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാൻ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ.

12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പാനപാത്രം കുടിപ്പാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും.

13 ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാപട്ടണങ്ങളും നിത്യശൂന്യങ്ങളായ്തീരും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

14 നിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരെ ചെല്ലുവിൻ; യുദ്ധത്തിന്നായി എഴുന്നേല്പിൻ! എന്നിങ്ങനെ വിളിച്ചുപറവാൻ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു എന്നൊരു വർത്തമാനം ഞാൻ യഹോവയിങ്കൽനിന്നു കേട്ടു.

15 ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും.

16 പാറപ്പിളർപ്പുകളിൽ പാർത്തു കുന്നുകളുടെ മുകൾ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു.

17 എദോം സ്തംഭനവിഷയമായ്തീരും; അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും.

18 സൊദോമിന്റെയും ഗൊമോരയുടെയും അവയുടെ അയൽപട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

19 യോർദ്ദാന്റെ വൻകാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നില്ക്കാകുന്ന ഇടയൻ ആർ?

20 അതുകൊണ്ടു യഹോവ എദോമിനെക്കുറിച്ചു ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ: ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും.

21 അവരുടെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്റെ ഒച്ച ചെങ്കടലിൽ കേൾക്കുന്നു!

22 അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്നു ബൊസ്രയുടെമേൽ ചിറകു വിടർക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.

23 ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാടു. ഹമാത്തും അർപ്പാദും ദോഷവർത്തമാനം കേട്ടതു കൊണ്ടു ലജ്ജിച്ചു ഉരുകിപ്പോയിരിക്കുന്നു; കടൽവരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴിവില്ല.

24 ദമ്മേശെക്ക് ക്ഷീണിച്ചു ഓടിപ്പോകുവാൻ തിരിയുന്നു; നടുക്കം അതിന്നു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്കു എന്നപോലെ അതിന്നു അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.

25 കീർത്തിയുള്ള പട്ടണം എന്റെ ആനന്ദപുരം ഉപേക്ഷിക്കാതിരിക്കുന്നതെങ്ങനെ?

26 അതുകൊണ്ടു അതിലെ യൗവനക്കാർ അതിന്റെ വീഥികളിൽ വീഴുകയും സകലയോദ്ധാക്കളും അന്നു നശിച്ചുപോകയും ചെയ്യും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

27 ഞാൻ ദമ്മേശെക്കിന്റെ മതിലുകൾക്കു തീവെക്കും; അതു ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

28 ബാബേൽരാജാവായ നെബൂഖദ്നേസർ ജയിച്ചടക്കിയ കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുറപ്പെട്ടു കേദാരിൽ ചെന്നു കിഴക്കരെ നശിപ്പിച്ചുകളവിൻ.

29 അവരുടെ കൂടാരങ്ങളെയും ആട്ടിൻ കൂട്ടങ്ങളെയും അവർ അപഹരിക്കും; അവരുടെ തിരശ്ശീലകളെയും സകലഉപകരണങ്ങളെയും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; സർവ്വത്രഭീതി എന്നു അവർ അവരോടു വിളിച്ചുപറയും.

30 ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്നു കുഴിയിൽ പാർത്തുകൊൾവിൻ എന്നു യഹോവയുടെ അരുളപ്പാടു; ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ചു ഒരു ആലേചന ആലോചിച്ചു ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.

31 വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാർക്കുന്നവരും സ്വൈരവും നിർഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കൽ പുറപ്പെട്ടുചെല്ലുവിൻ എന്നു യഹോവയുടെ അരുളപ്പാടു.

32 അവരുടെ ഒട്ടകങ്ങൾ കവർച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചുവരെ ഞാൻ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവർക്കു ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.

33 ഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.

34 യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:

35 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ലു ഒടിച്ചുകളയും.

36 ഞാൻ ഏലാമിന്റെ നേരെ ആകാശത്തിന്റെ നാലു ദിക്കിൽനിന്നും നാലു കാറ്റുവരുത്തി ഈ എല്ലാകാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല.

37 ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്കു അനർത്ഥം, എന്റെ ഉഗ്രകോപം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ചു അവരെ മുടിച്ചുകളയും.

38 ഞാൻ എന്റെ സിംഹാസനത്തെ ഏലാമിൽ സ്ഥാപിച്ചു അവിടെ നിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചു കളയും എന്നു യഹോവയുടെ അരുളപ്പാടു.

39 എന്നാൽ ഒടുക്കം ഞാൻ ഏലാമിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan