Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 46 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ജാതികളെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ യഹോവയുടെ അരുളപ്പാടു.

2 മിസ്രയീമിനെക്കുറിച്ചുള്ളതു: ഫ്രാത്ത് നദീതീരത്തു കർക്കെമീശിൽ ഉണ്ടായിരുന്നതും ബാബേൽരാജാവായ നെബൂഖദ്നേസർ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ തോല്പിച്ചുകളഞ്ഞതുമായ ഫറവോൻ-നെഖോ എന്ന മിസ്രയീംരാജാവിന്റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നേ.

3 പരിചയും പലകയും ഒരുക്കി യുദ്ധത്തിന്നടുത്തുകൊൾവിൻ!

4 കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! തലക്കോരികയുമായി അണിനിരപ്പിൻ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിൻ.

5 അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്തു? അവരുടെ വീരന്മാർ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സർവ്വത്രഭീതി എന്നു യഹോവയുടെ അരുളപ്പാടു.

6 വേഗവാൻ ഓടിപ്പോകയില്ല; വീരൻ ചാടിപ്പോകയുമില്ല; വടക്കു ഫ്രാത്ത് നദീതീരത്തു അവർ ഇടറിവീഴും.

7 നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലെക്കയും ചെയ്യുന്നോരിവനാർ?

8 മിസ്രയീം നീലനദിപോലെ പൊങ്ങുകയും അതിന്റെ വെള്ളം നദികൾപോലെ അലെക്കയും ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും എന്നു പറകയും ചെയ്യുന്നു.

9 കുതിരകളേ, കുതിച്ചു ചാടുവിൻ; രഥങ്ങളേ, മുറുകി ഓടുവിൻ! വീരന്മാർ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലെടുത്തു കുലെക്കുന്ന ലൂദ്യരും കൂടെ.

10 ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവു തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാൾ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത് നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്നു ഒരു ഹനനയാഗമുണ്ടല്ലോ.

11 മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക; നീ വളരെ ഔഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകയില്ല.

12 ജാതികൾ നിന്റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്റെ നിലവിളി ദേശത്തു നിറഞ്ഞിരിക്കുന്നു; വീരൻ വീരനോടു മുട്ടി രണ്ടുപേരും ഒരുമിച്ചു വീണിരിക്കുന്നു!

13 ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാടു.

14 മിസ്രയീമിൽ പ്രസ്താവിച്ചു മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിപ്പിൻ! അണിനിരന്നു ഒരുങ്ങിനില്ക്ക എന്നു പറവിൻ! വാൾ നിന്റെ ചുറ്റം തിന്നുകളയുന്നുവല്ലോ.

15 നിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്തു? യഹോവ അവരെ തള്ളിയിട്ടതുകൊണ്ടു അവർക്കു നില്പാൻ കഴിഞ്ഞില്ല.

16 അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ; നശിപ്പിക്കുന്ന വാളിന്നു ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്നു അവർ പറയും.

17 മിസ്രയീംരാജാവായ ഫറവോന്നു: വിനാശം എന്നും സമയം തെറ്റി വരുന്നവൻ എന്നും പേർ പറവിൻ!

18 എന്നാണ, പർവ്വതങ്ങളിൽവെച്ചു താബോർപോലെയും കടലിന്നരികെയുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ടു അവൻ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.

19 മിസ്രയീമിൽ പാർക്കുന്ന പുത്രീ, പ്രവാസത്തിന്നു പോകുവാൻ കോപ്പുകൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.

20 മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്നു ഈച്ച അതിന്മേൽ വരുന്നു.

21 അതിന്റെ കൂലിച്ചേവകർ അതിന്റെ മദ്ധ്യേ തടിപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞു ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കയാൽ അവർക്കു നില്പാൻ കഴിഞ്ഞില്ല.

22 അതിന്റെ ശബ്ദം പാമ്പു ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.

23 അതിന്റെ കാടു തിങ്ങിയതായിരുന്നാലും അവർ അതിനെ വെട്ടിക്കളയും എന്നു യഹോവയുടെ അരുളപ്പാടു; അവർ വെട്ടുക്കിളികളെക്കാൾ അധികം; അവർക്കു സംഖ്യയുമില്ല.

24 മിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവൾ വടക്കെ ജാതിയുടെ കയ്യിൽ ഏല്പിക്കപ്പെടും.

25 ഞാൻ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദർശിക്കും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

26 ഞാൻ അവരെ, അവർക്കു പ്രാണഹാനിവരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും അവന്റെ ഭൃത്യന്മാരുടെ കയ്യിലും ഏല്പിക്കും; അതിന്റെശേഷം അതിന്നു പുരാതനകാലത്തെന്നപോലെ നിവാസികൾ ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.

27 എന്നാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല.

28 എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാൻ മുടിച്ചുകളകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan