യിരെമ്യാവ് 38 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവൻ ജീവനോടിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും, അവൻ അതിനെ പിടിക്കും എന്നും 3 യിരെമ്യാവു സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ടു 4 പ്രഭുക്കന്മാർ രാജാവിനോടു: ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു. 5 സിദെക്കീയാരാജാവു: ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു വിരോധമായി ഒന്നും ചെയ്‌വാൻ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു. 6 അവർ യിരെമ്യാവെ പിടിച്ചു കാവൽപുരമുറ്റത്തു രാജകുമാരനായ മല്ക്കീയാവിന്നുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു. 7 അവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്‒മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവു ബെന്യാമീൻവാതില്ക്കൽ ഇരിക്കയായിരുന്നു. 8 ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു: 9 യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു. 10 രാജാവു കൂശ്യനായ ഏബെദ്-മേലെക്കിനോടു: നീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകൻ മരിക്കുംമുമ്പെ അവനെ കുഴിയിൽനിന്നു കയറ്റിക്കൊൾക എന്നു കല്പിച്ചു. 11 അങ്ങനെ ഏബെദ്-മേലെക്ക് ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു. 12 കൂശ്യനായ ഏബെദ്‒മേലെക്ക് യിരെമ്യാവോടു: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിന്നു പുറമെ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു. 13 അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു. 14 അതിന്റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവു യിരെമ്യാവോടു: ഞാൻ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു. 15 അതിന്നു യിരെമ്യാവു സിദെക്കീയാവോടു: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു. 16 സിദെക്കീയാരാജാവു: ഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു. 17 എന്നാറെ യിരെമ്യാവു സിദെക്കീയാവോടു: യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും. 18 നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു. 19 സിദെക്കീയാരാജാവു യിരെമ്യാവോടു: കല്ദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കയും അവർ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു എന്നു പറഞ്ഞു. 20 അതിന്നു യിരെമ്യാവു പറഞ്ഞതു: അവർ നിന്നെ ഏല്പിക്കയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും. 21 പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിതു: 22 യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്തു ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു എന്നു അവർ പറയും. 23 നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിന്നു നീ ഹേതുവാകും. 24 സിദെക്കീയാവു യിരെമ്യാവോടു പറഞ്ഞതു: ഈ കാര്യം ആരും അറിയരുതു: എന്നാൽ നീ മരിക്കയില്ല. 25 ഞാൻ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്റെ അടുക്കൽ വന്നു: നീ രാജാവിനോടു എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറെച്ചുവെക്കരുതു; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോടു എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാൽ, 26 നീ അവരോടു: യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കയായിരുന്നു എന്നു പറയേണം. 27 സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽ വന്നു അവനോടു ചോദിച്ചാറെ അവൻ, രാജാവു കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ടു അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി. 28 യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.