യിരെമ്യാവ് 36 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു: 2 നീ ഒരു പുസ്തകച്ചുരുൾ മേടിച്ചു, ഞാൻ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാൻ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക. 3 പക്ഷേ യെഹൂദാഗൃഹം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും. 4 അങ്ങനെ യിരെമ്യാവു നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി. 5 യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതു: ഞാൻ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല. 6 ആകയാൽ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളിൽനിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നേ ജനം കേൾക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലായെഹൂദയും കേൾക്കെ നീ അതു വായിക്കേണം. 7 പക്ഷെ അവർ യഹോവയുടെ മുമ്പിൽ വീണു അപേക്ഷിച്ചുകൊണ്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ. 8 യിരെമ്യാപ്രവാചകൻ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്യാവിന്റെ മകനായ ബാരൂക്ക് ചെയ്തു, യഹോവയുടെ ആലയത്തിൽ ആ പുസ്തകത്തിൽനിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേൾപ്പിച്ചു. 9 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളിൽനിന്നു യെരൂശലേമിൽ വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി, 10 അപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കൽ, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമര്യാരായസക്കാരന്റെ മുറിയിൽവെച്ചു ആ പുസ്തകത്തിൽനിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചുകേൾപ്പിച്ചു. 11 ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്നു വായിച്ചു കേട്ടപ്പോൾ 12 അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ. 13 ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു. 14 അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ടു അവരുടെ അടുക്കൽ വന്നു. 15 അവർ അവനോടു: ഇവിടെ ഇരുന്നു അതു വായിച്ചുകേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു. 16 ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ അവർ ഭയപ്പെട്ടു തമ്മിൽ തമ്മിൽ നോക്കി, ബാരൂക്കിനോടു: ഈ വചനങ്ങളൊക്കെയും ഞങ്ങൾ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു. 17 നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവർ ബാരൂക്കിനോടു ചോദിച്ചു. 18 ബാരൂക്ക് അവരോടു: അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ടു പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു. 19 അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോടു: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു. 20 അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വെച്ചേച്ചു, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു. 21 രാജാവു ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു. 22 അന്നു ഒമ്പതാം മാസത്തിൽ രാജാവു ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു. 23 യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു. 24 രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല. 25 ചുരുൾ ചുട്ടുകളയരുതേ എന്നു എൽനാഥാനും ദെലായാവും ശെമര്യാവും രാജാവിനോടു അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല. 26 അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാൻ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു; 27 ചുരുളും ബാരൂക്ക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവു ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ: 28 നീ മറ്റൊരു ചുരുൾ മേടിച്ചു യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതിൽ എഴുതുക. 29 എന്നാൽ യെഹൂദാരാജാവായ യെഹോയാക്കീമിനോടു നീ പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവു വന്നു ഈ ദേശത്തെ നശിപ്പിച്ചു, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതിൽ എഴുതിയതു എന്തിനു എന്നു പറഞ്ഞു നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ. 30 അതുകൊണ്ടു യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്നു ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞു ഏല്പാൻ എറിഞ്ഞുകളയും. 31 ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേം നിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്നു ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ അനർത്ഥമൊക്കെയും ഞാൻ അവർക്കു വരുത്തും. 32 അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുൾ എടുത്തു നേര്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.