യിരെമ്യാവ് 3 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവൾ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാടു. 2 മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയിൽ അരാബ്യർ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു. 3 അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു. 4 നീ ഇന്നുമുതൽ എന്നോടു: എന്റെ പിതാവേ, നീ എന്റെ യൗവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ? 5 അവൻ എന്നേക്കും കോപം സംഗ്രഹിക്കുമോ? അവൻ സദാകാലം ദ്വേഷം വെച്ചുകൊണ്ടിരിക്കുമോ? എന്നിങ്ങനെ നീ പറഞ്ഞു ദുഷ്ടതകളെ പ്രവർത്തിച്ചു നിനക്കു സാധിച്ചുമിരിക്കുന്നു. 6 യോശീയാരാജാവിന്റെ കാലത്തു യഹോവ എന്നോടു അരുളിച്ചെയ്തതു: വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാമലമുകളിലും എല്ലാപച്ചമരത്തിൻകീഴിലും ചെന്നു അവിടെ പരസംഗം ചെയ്തു. 7 ഇതൊക്കെയും ചെയ്തശേഷം അവൾ എന്റെ അടുക്കൽ മടങ്ങിവരും എന്നു ഞാൻ വിചാരിച്ചു: എന്നാൽ അവൾ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി അതു കണ്ടു. 8 വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്ത ഹേതുവാൽ തന്നേ ഞാൻ അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു. 9 മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗംഹേതുവായി ദേശം മലിനമായ്പോയി; കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു. 10 ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂർണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങിവന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു. 11 വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദയെക്കാൾ നീതിയുള്ളവളെന്നു യഹോവ എന്നോടു അരുളിച്ചെയ്തു. 12 നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങളെ വിളിച്ചുപറക: വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ നിങ്ങളോടു കോപം കാണിക്കയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു. 13 നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിൻ കീഴിലൊക്കെയും അന്യന്മാരോടു ദുർമ്മാർഗ്ഗമായി നടന്നതും എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു. 14 വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാനല്ലോ നിങ്ങളുടെ ഭർത്താവു; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുത്തനെയും വംശത്തിൽ രണ്ടുപേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും. 15 ഞാൻ നിങ്ങൾക്കു എന്റെ മനസ്സിന്നൊത്ത ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയിക്കും. 16 അങ്ങനെ നിങ്ങൾ ദേശത്തു വർദ്ധിച്ചുപെരുകുമ്പോൾ ആ കാലത്തു: യഹോവയുടെ നിയമപെട്ടകം എന്നു ഇനി പറകയില്ല, അതു മനസ്സിൽ വരികയില്ല, അതിനെ ഓർക്കയില്ല, ചെന്നു കാണുകയില്ല, ഇനി അതു ഉണ്ടാക്കുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു. 17 ആ കാലത്തു യെരൂശലേമിന്നു യഹോവയുടെ സിംഹാസനം എന്നു പേരാകും; സകലജാതികളും അവിടേക്കു, യെരൂശലേമിലേക്കു തന്നേ, യഹോവയുടെ നാമംനിമിത്തം വന്നുചേരും; തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കയുമില്ല. 18 ആ കാലത്തു യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേർന്നു, അവർ ഒന്നിച്ചു വടക്കെ, ദിക്കിൽനിന്നു പുറപ്പെട്ടു, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു അവകാശമായി കൊടുത്ത ദേശത്തേക്കു വരും. 19 ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടതു എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെ: എന്റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാൻ വിചാരിച്ചു. 20 യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. 21 യിസ്രായേൽമക്കൾ വളഞ്ഞ വഴികളിൽ നടന്നു തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ അവർ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കുന്നതു കേൾക്കുന്നു! 22 വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ നിന്റെ അടുക്കൽ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ. 23 കുന്നുകളും പർവ്വതങ്ങളിലെ കോലാഹലവും വ്യർത്ഥം; ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ യിസ്രായേലിന്നു രക്ഷയുള്ളു. 24 ലജ്ജാവിഗ്രഹങ്ങളോ ഞങ്ങളുടെ യൗവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും തിന്നുകളഞ്ഞിരിക്കുന്നു. 25 ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽ തന്നേ കിടക്കട്ടെ; ഞങ്ങളുടെ നാണം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടുമില്ല. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.