യിരെമ്യാവ് 28 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ആയാണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ, നാലാം ആണ്ടിൽ അഞ്ചാം മാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിന്റെയും മുമ്പിൽവെച്ചു എന്നോടു പറഞ്ഞതെന്തെന്നാൽ: 2 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയുന്നു. 3 ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെ ഒക്കെയും ഞാൻ രണ്ടു സംവത്സരത്തിന്നകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും; 4 യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു. 5 അപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകലജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞതു: 6 ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയം വക ഉപകരണങ്ങളെയും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ചവാക്കുകളെ യഹോവ നിവർത്തിക്കുമാറാകട്ടെ! 7 എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊൾക. 8 എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനർത്ഥവും മഹാമാരിയും പ്രവചിച്ചു. 9 സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു; 10 അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു ആ നുകം എടുത്തു ഒടിച്ചുകളഞ്ഞിട്ടു, 11 സകലജനവും കേൾക്കെ; ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിന്നകം ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജാതികളുടെയും കഴുത്തിൽനിന്നു എടുത്തു ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്റെ വഴിക്കു പോയി. 12 ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്തു ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 13 നീ ചെന്നു ഹനന്യാവോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന്നു പകരം നീ ഇരിമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു. 14 എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന്നു ഇരിമ്പുകൊണ്ടുള്ളോരു നുകം ഞാൻ ഈ സകലജാതികളുടെയും കഴുത്തിൽ വെച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു. 15 പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു: ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു. 16 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവെക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു. 17 അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നേ ഏഴാം മാസത്തിൽ മരിച്ചു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.